ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽപോലും ജയം കാണാതെ അണ്ണാ ഡി.എം.കെ. 34 മണ്ഡലങ്ങളിലാണ് അണ്ണാ ഡി.എം.കെ മത്സരിച്ചത്. കോയമ്പത്തൂർ ഉൾപ്പെടെ പത്ത് ലോക്സഭ മണ്ഡലങ്ങളിലും പുതുച്ചേരിയിലും ബി.ജെ.പി രണ്ടാം സ്ഥാനത്തും അണ്ണാ ഡി.എം.കെ മൂന്നാം സ്ഥാനത്തുമാണ്.
29 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്തി. 20.46 ശതമാനം വോട്ട് ലഭിച്ചതാണ് ആശ്വാസം. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാതെയാണ് അണ്ണാ ഡി.എം.കെ ജനവിധി തേടിയത്. അന്തരിച്ച ജയലളിതയെ വിമർശിച്ച് ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ നടത്തുന്ന പ്രസ്താവനകളിൽ പ്രതിഷേധിച്ചാണ് സഖ്യം ഉപേക്ഷിച്ചത്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും പാർട്ടിയുടെ വോട്ടിങ് ശതമാനം കുറയുന്നതും നേതൃത്വത്തിന് ആശങ്ക ഉയർത്തിയിട്ടുണ്ട്.
ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 39 മണ്ഡലങ്ങളിലും പാർട്ടി ഒറ്റക്ക് മത്സരിച്ച് 37 സീറ്റുകളിൽ ജയിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിൽ 44.92 ശതമാനമായിരുന്നു വോട്ട് വിഹിതം. ജയലളിതയുടെ മരണത്തിനുശേഷമാണ് അണ്ണാ ഡി.എം.കെയുടെ സ്ഥിതി വഷളാകാൻ തുടങ്ങിയത്.
2019ൽ ഒ. പന്നീർശെൽവത്തിന്റെയും എടപ്പാടി പളനിസാമിയുടെയും ഇരട്ട നേതൃത്വത്തിലാണ് അണ്ണാ ഡി.എം.കെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി 20 മണ്ഡലങ്ങളിൽ മത്സരിച്ചപ്പോൾ ഒരിടത്തു മാത്രമാണ് വിജയിച്ചത്. വോട്ട് ശതമാനം 19.39 ശതമാനമായി കുറഞ്ഞു. 2016ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ജയലളിതയുടെ നേതൃത്വത്തിൽ സഖ്യകക്ഷികൾ ഉൾപ്പെടെ 234 മണ്ഡലങ്ങളിലും ഇരട്ട ഇല ചിഹ്നത്തിൽ മത്സരിച്ചു.
136 സീറ്റുകൾ നേടി സർക്കാർ രൂപവത്കരിക്കുക മാത്രമല്ല, അണ്ണാ ഡി.എം.കെക്ക് മാത്രം 40.88 ശതമാനം വോട്ടുകളും ലഭിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 191 മണ്ഡലങ്ങളിൽ മത്സരിച്ച് 66 സീറ്റുകൾ നേടി. എന്നാൽ, വോട്ടിങ് ശതമാനം 33.29 ആയി കുറഞ്ഞു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് അണ്ണാ ഡി.എം.കെയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.