ചെന്നൈ: ഹിന്ദി ഭാഷാ വിരുദ്ധ സമരത്തെ പഴകിയ ചെരിപ്പിനോട് ഉപമിച്ച തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. ശനിയാഴ്ച നടന്ന ഒരു പ്രചാരണ പരിപാടിയിലായിരുന്നു അണ്ണാമലൈ, തമിഴ് ഭാഷാ നയത്തെ അപമാനിച്ചത്. അണ്ണാമലൈയുടെ പരാമർശം തമിഴ് ഭാഷയ്ക്കായി പോരാടിയവരോടുള്ള അവഹേളനമാണെന്ന് ഡി.എം.കെ പറഞ്ഞു.
1980കളിൽ പറഞ്ഞുനടന്നത് തന്നെയാണ് ഇന്നും ചിലർ പറയുന്നതെന്നായിരുന്നു അണ്ണാമലൈയുടെ പ്രസ്താവന. ഹിന്ദി-സംസ്കൃതം, വടക്ക്-തെക്ക്, ഇത്-അത്; ഇതുപോലെയുള്ള പഴകിയ, കീറിയ ചെരിപ്പുകൾ അവർ ഇതുവരെ കളഞ്ഞിട്ടില്ല. അവരാണ് ഡി.എം.കെ -അണ്ണാമലൈ പറഞ്ഞു.
ഹിന്ദി അടിച്ചേൽപ്പിച്ചതിനെതിരെ പോരാടിയ ചരിത്രമാണ് തമിഴ്‌നാടിനുള്ളതെന്ന്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍റെ പരാമർശത്തിൽ പ്രതികരിച്ചുകൊണ്ട് ഡി.എം.കെ വക്താവ് ശരവണൻ പറഞ്ഞു. അണ്ണാമലൈയുടെ പ്രസ്താവനയിൽ എന്തുകൊണ്ട് പ്രധാനമന്ത്രി അപലപിച്ചില്ലെന്നും ശരവണൻ ചോദിച്ചു.
അതേസമയം അണ്ണാമലൈ ഇത്തരമൊരു പ്രസ്താവന നടത്തിയത് വിഡ്ഢിത്തമാണെന്ന് ബി.ജെ.പിയുടെ മുൻ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ പറഞ്ഞു. ഭാഷയെ അപമാനിക്കുന്നത് അയാളുടെ സംസ്കാരത്തെയാണ് കാണിക്കുന്നതെന്നും എ.ഐ.എ.ഡി.എം.കെ എം.എൽ.എ സെല്ലൂർ രാജു പറഞ്ഞു.
തമിഴ്‌നാട്ടിലെ ഭാഷായുദ്ധം വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ എന്നും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1965ലായിരുന്നു തമിഴ്‌നാട്ടിൽ ഹിന്ദി ഭാഷ വിരുദ്ധ പ്രക്ഷോഭം നടന്നിരുന്നത്. ഡി.എം.കെയെ അധികാരത്തിലെത്തിക്കാനും പ്രക്ഷോഭം വഴിയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.