ആൽവാറിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം: യുവാവിനെ അടിച്ചുകൊന്നു

ജയ്പൂർ: അൽവാർ ജില്ലയിലെ ഗോവിന്ദ്ഗഢ് പട്ടണത്തിലെ രാംബാസ് ഗ്രാമത്തിൽ 20-25 പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് യുവാവിന് ദാരുണാന്ത്യം. ചിരഞ്‌ജിലാൽ (45) ആണ് കൊല്ല​പ്പെട്ടത്. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ 20-25 പേർ സ്കോർപ്പിയോയിലും പിക്കപ്പിലും വന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാളുടെ നിലവിളി കേട്ട് പാടത്തേക്ക് ഓടിയെത്തിയ ആളുകൾ ചിരഞ്‌ജിലാൽ ബോധരഹിതനായി നിലത്ത് കിടക്കുന്നതാണ് കണ്ടത്.

ചിരഞ്‌ജിലാൽ ട്രാക്ടർ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാണ് കൊലപാതകികൾ പറയുന്നത്. ഇവർ തന്നെ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. രാവിലെ 6.30 ഓടെ ഗോവിന്ദ്ഗഡ് ​പൊലീസ് എത്തിയപ്പോൾ അക്രമികളും ഗ്രാമവാസികളും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ചിരഞ്‌ജിലാൽ തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. 11 മണിയോടെ മൃതദേഹം ജയ്പൂരിൽ നിന്ന് രാംബാസ് ഗ്രാമത്തിൽ എത്തിച്ചപ്പോഴും ആളുകൾ അക്രമാസക്തരായി.

ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ പ്രകോപിതരായ കുടുംബാംഗങ്ങളും ഗ്രാമത്തിലെ ജനങ്ങളും രാംഗഡ്-ഗോവിന്ദ്ഗഡ് റോഡ് തടയുകയും സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കുടുംബാംഗത്തിന് ജോലി നൽകണമെന്നും പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. മൂന്ന് ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ ശവസംസ്‌കാര ചടങ്ങുകൾ നടത്തില്ലെന്ന നിലപാടിലായിരുന്നു കുടുംബം. തുടർന്ന് സർക്കാർ ഇവരുമായി ചർച്ചക്ക് തയ്യാറായി. 

Tags:    
News Summary - Another mob lynching in Alwar: Man beaten to death on suspicion of theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.