അമൃത്പാൽ സിങ്ങിനെ രക്ഷപ്പെടാൻ സഹായിച്ച ഒരു സ്ത്രീകൂടി പിടിയിൽ

ചണ്ഡീഗഢ്: പഞ്ചാബ് പൊലീസ് തിരയുന്ന ‘വാരിസ് പഞ്ചാബ് ദേ’ നേതാവ് അമൃത്പാൽ സിങ്ങിനെ രക്ഷപ്പെടാൻ സഹായിച്ച ഒരു സ്ത്രീകൂടി പിടിയിൽ. പട്യാല ഹർഗോബിന്ദ് നഗറി​ലെ ബൽബീർ കൗർ ആണ് അറസ്റ്റിലായത്. അമൃത്പാൽ സിങ്ങിനെയും അനുയായി പാപൽപ്രീത് സിങ്ങിനെയും രക്ഷപ്പെടാൻ സഹായിച്ചതിനാണ് അറസ്റ്റ്.

ഈ മാസം 19ന് ആറു മണിക്കൂർ അമൃത്പാൽ സിങ്ങിനും പാപൽപ്രീത് സിങ്ങിനും ബൽബീർ കൗർ അഭയം നൽകിയെന്ന് പൊലീസ് പറഞ്ഞു. ഇതിനുശേഷമാണ് ഇരുവരും ഹരിയാനയിലെ കുരുക്ഷേത്രയിലെത്തിയത്. അവിടെ ഷഹാബാദിൽ ഇവർക്ക് രാത്രി അഭയം നൽകിയ ബൽജീത് കൗർ എന്ന സ്ത്രീ നേരത്തെ അറസ്റ്റിലായിരുന്നു. അമൃത്പാലിന്റെ സുരക്ഷ സംഘാംഗം തേജീന്ദർ സിങ് ഗില്ലിനെ ഒളിവിൽ കഴിയാൻ സഹായിച്ച ബൽവന്ത് സിങ് എന്നയാളെ പൊലീസ് പിടികൂടിയിരുന്നു.

അതേസമയം, അമൃത്പാൽ പൊലീസിനു മുമ്പാകെ കീഴടങ്ങി അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ട് സിഖ് മതത്തിലെ ഉന്നത സംഘമായ അകൽ തക്ത് രംഗത്തെത്തി. അകൽ തക്തിന്റെ മേധാവി (ജാതേദാർ) ഗിയാനി ഹർപ്രീത് സിങ്ങാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വൻ പൊലീസ് സംഘമുണ്ടായിട്ടും എന്തുകൊണ്ട് അമൃത് പാലിനെ ഇതുവരെ പിടികൂടാനായില്ലെന്നും അകൽ തക്ത് മേധാവി ചോദിച്ചു.

പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനായിട്ടില്ല. അമൃത്പാൽ സിങ്ങിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് കാനഡ, സാൻഫ്രാൻസിസ്കോ, ലണ്ടൻ എന്നിവിടങ്ങളിൽ ഖലിസ്ഥാൻവാദികളുടെ അക്രമം അരങ്ങേറിയിരുന്നു. കാനഡയിൽ മഹാത്മ ഗാന്ധിയുടെ വെങ്കല പ്രതിമ വികൃതമാക്കിയിരുന്നു. ഇന്ന് അമേരിക്കയിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ ഇന്ത്യൻ മാധ്യമപ്രവർത്തകന് മർദനമേറ്റിരുന്നു.

Tags:    
News Summary - Another woman who helped Amritpal Singh to escape was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.