ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവിൽ പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ നടത്തിവന്ന മജിസ്ട്രേറ്റ് തല അന്വേഷണം പൂർത്തിയായി. സെപ്റ്റംബർ 20നുള്ളിൽ അന്തിമ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്ന് അന്വേഷണം നടത്തിയ ഉഡുപ്പി ജില്ല മജിസ്ട്രേറ്റും ജില്ല ഡെപ്യൂട്ടി കമീഷണറുമായ ജി. ജഗദീശ പറഞ്ഞു.
തെളിവെടുപ്പിനെത്തിയവർ ഹാജരാക്കിയ രേഖകൾ, ഫോട്ടോകൾ, വിഡിയോകൾ തുടങ്ങിയവയെല്ലാം വിശദമായി പരിശോധിച്ചശേഷമായിരിക്കും റിപ്പോർട്ട് തയാറാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥരും പൊതുജനങ്ങളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഉൾപ്പെടെ ആകെ 416 പേരാണ് കമീഷൻ മുമ്പാകെ ഹാജരായത്.
അന്നത്തെ മംഗളൂരു ജില്ല െഡപ്യൂട്ടി കമീഷണർ സിന്ധു ബി. രൂപേഷ്, പൊലീസ് കമീഷണർക്കുവേണ്ടി ഡെപ്യൂട്ടി പൊലീസ് കമീഷണർ എന്നിവരുടെ അന്തിമ മൊഴികളും 13 പൊലീസുകാരുടെയും പൊതുജനങ്ങളിൽ നിന്നുള്ള 45 പേരുടെയും മൊഴികളുമാണ് തെളിവെടുപ്പിെൻറ അവസാന ദിവസമായ ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. സിന്ധു ബി. രൂപേഷ് വിഡിയോ കോൺഫറൻസിങ് വഴി മൊഴി നൽകി. കൊല്ലപ്പെട്ടവരുടെ ഫോറൻസിക് പരിശോധന നടത്തിയ ഡോക്ടർമാരും മൊഴി നൽകി.
2019 ഡിസംബർ 19ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിലാണ് നൗഷീൻ, ജലീൽ എന്നിവർ കൊല്ലപ്പെട്ടത്. തുടർന്ന് മജിസ്ട്രേറ്റ്തല അന്വേഷണത്തിനായി സർക്കാർ ഉഡുപ്പി ഡി.സിയെ നിയോഗിച്ചു.
2020 ജനുവരി ഏഴിനാണ് ആദ്യ സിറ്റിങ് നടത്തിയത്. മാർച്ച് 23നുമുമ്പ് റിപ്പോർട്ട് നൽകാനായിരുന്നു നിർദേശമെങ്കിലും ലോക്ഡൗണിനെത്തുടർന്ന് തെളിവെടുപ്പ് നീണ്ടതോടെ സമയം നീട്ടിനൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.