നാവികസേനയുടെ കരുത്ത് കൂട്ടാൻ ഇനി 'ഐ.എൻ.എസ് കവരത്തി'

വിശാഖപട്ടണം: അന്തർവാഹിനി ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള നാവികസേനയുടെ അത്യാധുനിക യുദ്ധകപ്പൽ 'ഐ.എൻ.എസ് കവരത്തി' രാഷ്ട്രത്തിന് സമർപ്പിച്ചു. വിശാഖപട്ടണം നേവൽ ഡോക് യാർഡിൽ നടന്ന ചടങ്ങിൽ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നാരവനാണ് പ്രഖ്യാപനം നടത്തിയത്.

ഇന്ത്യ തദ്ദേശീയമായി നിർമിച്ച കപ്പലിൽ നൂതന ആയുധങ്ങളും അന്തർവാഹിനികളെ കണ്ടെത്താനുള്ള സെൻസർ സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്. അന്തർവാഹിനി ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാനും ദീർഘദൂരപരിധിയിൽ വിന്യസിക്കാനും ശേഷിയുണ്ട്.

നാവികസേന സ്ഥാപനമായ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ (ഡി.എൻ‌.ഡി) രൂപകൽപന ചെയ്ത ഐ.എൻ.എസ് കവരത്തി, കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് (ജി.ആർ.എസ്.ഇ) ആണ് നിർമിച്ചത്.

മിസൈൽ വാഹക യുദ്ധകപ്പലായിരുന്ന ഐ‌.എൻ‌.എസ് കവരത്തിയിൽ നിന്നാണ് പുതിയ കപ്പലിന് 'കവരത്തി' എന്ന് പേര് സ്വീകരിച്ചത്. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ മികച്ച സേവനം നൽകിയതാണ് പഴയ ഐ‌.എൻ‌.എസ് കവരത്തി.

നാവികസേനയുടെ അന്തർവാഹിനി പ്രതിരോധ കപ്പൽപ്പടയിലെ നാലാമത്തെ യുദ്ധകപ്പലാണ് ഐ‌.എൻ‌.എസ് കവരത്തി. ഐ‌.എൻ‌.എസ് കമോർത, ഐ‌.എൻ.‌എസ് കദ്‌മട്ട്, ഐ‌.എൻ‌.എസ് കിൽതാൻ എന്നിവയാണ് മറ്റ് കപ്പലുകൾ. ഇതിൽ ആദ്യത്തേത് 2014 ഓഗസ്റ്റിലും രണ്ടാമത്തേത് 2016 ജനുവരിയിലും മൂന്നാമത്തേത് 2017 ഒക്ടോബറിലും കമീഷൻ ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.