വിയോജിപ്പുകളെ ഇല്ലാതാക്കാൻ ഭീകരവിരുദ്ധ നിയമങ്ങൾ പ്രയോഗിക്കരുത് -ജസ്റ്റിസ് ചന്ദ്രചൂഢ്

ന്യൂഡൽഹി: വിയോജിപ്പുകളെ ഇല്ലാതാക്കുക ലക്ഷ്യമിട്ട് ഭീകരവിരുദ്ധ നിയമങ്ങൾ പ്രയോഗിക്കരുതെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുക സുപ്രീംകോടതിയുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.

'വെല്ലുവിളി നിറഞ്ഞ കാലത്ത് മൗലികാവകാശ സംരക്ഷണത്തിൽ സുപ്രീംകോടതിയുടെ പങ്ക്' എന്ന വിഷയത്തിൽ നടന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ്.

ജാഗരൂകനായ രക്ഷാധികാരിയായി ഭരണഘടനയുടെ മനസാക്ഷിക്ക് അനുസൃതമായി സുപ്രീംകോടതിക്ക് മുന്നോട്ടുപോകേണ്ടതുണ്ട്. മഹാമാരി മുതൽ വർധിച്ചുവരുന്ന അസഹിഷ്ണുത വരെയുള്ള, ലോകമെങ്ങുമുള്ള, 21ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിട്ട് മുന്നോട്ടുപോകണം. ചില ഇടപെടലുകളെ ജുഡീഷ്യൽ ആക്ടിവിസം എന്ന് വിളിക്കും -അദ്ദേഹം പറഞ്ഞു.

അർണബ് ഗോസ്വാമി കേസിലെ തന്‍റെ വിധിയെ കുറിച്ചും ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. പൗരന്മാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനെതിരെ പോരാടുന്നവരുടെ നിരയിൽ മുമ്പിൽ കോടതികളുണ്ടാകണം. ഒരു ദിവസമാണെങ്കിൽ പോലും സ്വാതന്ത്ര്യം നിഷേധിക്കുന്നത് നിസ്സാര കാര്യമല്ല. കോടതികളുടെ തീരുമാനങ്ങൾ ഘടനാപരമായുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണം -ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി. 

Tags:    
News Summary - anti-terror laws should not be misused to quell dissent: Justice Chandrachud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.