ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കും അവരുടെ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതു തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ആന്റോ ആന്റണി എം.പി നിവേദനം നൽകി.
മൂന്നു വർഷത്തിനിടെ രാജ്യത്ത് 2,000ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനങ്ങളിലെ മതപരിവർത്തന വിരുദ്ധ നിയമങ്ങൾ ദുരുപയോഗം ചെയ്ത് ക്രൈസ്തവർക്കെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്ത് അവരെ തടങ്കലിൽ വെക്കുന്നു.
ഗാസിയാബാദിൽ പള്ളിയിൽ പ്രാർഥന നടത്തുന്നതിനിടെ പാസ്റ്റർ സന്തോഷ് എബ്രഹാമിനെയും ഭാര്യ ജിജി സന്തോഷിനെയും കസ്റ്റഡിയിലെടുത്ത് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഫത്തേപുരിലെ ബ്രോഡ്വെൽ ക്രിസ്ത്യൻ ഹോസ്പിറ്റലിലെ ജീവനക്കാർക്കെതിരെ തെറ്റായ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും പൊലീസ് പീഡിപ്പിക്കുകയും ചെയ്യുന്നു.
മൈസൂരുവിലെ പള്ളി അജ്ഞാതർ നശിപ്പിച്ചു. വഡോദരയിലെ മകർപുര ഏരിയയിലെ റെസിഡൻഷ്യൽ കോളനിയിൽ സാന്താക്ലോസിന്റെ വേഷം ധരിച്ച ഒരാളെ ഹിന്ദുത്വ ആൾക്കൂട്ടം മർദിച്ചു. ഇത്തരം നിരവധി സംഭവങ്ങളാണ് ഈയിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ക്രിസ്ത്യാനികൾക്കും അവരുടെ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിനും വിശ്വാസം നിർഭയമായി ആചരിക്കുന്നതിനുള്ള മൗലികാവകാശം സംരക്ഷിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.