ന്യൂഡൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ ‘ഗോലി മാറോ’ എന്നു പറഞ്ഞത് മരുന്നിനുള്ള കുറിപ്പടിയല്ലെന്ന് സുപ്രീംകോടതി.
വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുറിനും ബി.ജെ.പി എം.പി പർവേശ് വർമക്കുമെതിരെ കേസെടുക്കാതിരിക്കാൻ ഡൽഹിയിലെ മജിസ്ട്രേറ്റ് കോടതി നൽകിയ ന്യായം നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിമർശനം. ഇരുവരും കുറ്റകൃത്യം ചെയ്തതായി കണ്ടെത്തിയില്ലെന്ന ഡൽഹി പൊലീസ് റിപ്പോർട്ട് ബെഞ്ച് ചോദ്യം ചെയ്തു.
ഹിന്ദിയിൽ ഗുളികക്കും ഗോലി എന്ന് പറയാറുള്ള പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രി അനുരാഗ് ഠാകുർ ‘ദേശ് കേ ഗദ്ദാറോം കോ ഗോലി മാറോ സാലോം കോ’ (രാജ്യദ്രോഹികളായ നായ്ക്കളെ വെടിവെക്കൂ) എന്ന വിദ്വേഷ മുദ്രാവാക്യത്തിൽ ഗദ്ദാർ എന്നാൽ രാജ്യദ്രോഹിയാണെന്നും എന്നാൽ ഗോലി മാറോ എന്ന് പറഞ്ഞത് മരുന്നിനുള്ള കുറിപ്പടിയല്ലെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞത്.
മൂന്നു വർഷമായിട്ടും രണ്ട് ബി.ജെ.പി നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തതിനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും കെ.എം. തിവാരിയും സമർപ്പിച്ച ഹരജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. ഇരുവർക്കുമെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ പ്രതികരണമറിയിക്കാൻ ഡൽഹി സർക്കാറിനും ഡൽഹി പൊലീസ് കമീഷണർക്കും സുപ്രീംകോടതി മൂന്നാഴ്ച സമയം നൽകി.
പൗരത്വ പ്രക്ഷോഭം ഡൽഹിയിൽ കൊടുമ്പിരിക്കൊണ്ട വേളയിൽ ഇരുവരും നടത്തിയ ഈ വിദ്വേഷ പ്രസംഗങ്ങൾ വടക്കു കിഴക്കൻ ഡൽഹിയിലെ വംശീയാതിക്രമങ്ങൾക്ക് ഇന്ധനമായി എന്ന് ആക്ഷേപമുയർന്നിരുന്നു.
ക്രിമിനൽ നടപടിക്രമം അുസരിച്ച് ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അനുമതിയില്ല എന്ന മജിസ്ത്രേട്ടിന്റെ നിലപാട് നിലനിൽക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
‘ഗോലി മാറോ സാലോം കോ’ എന്ന ഠാകുറിന്റെ ആഹ്വാനം അക്ഷരാർഥത്തിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവന്ന് പൗരത്വ പ്രക്ഷോഭകർക്കെതിരെ വെടിവെച്ചുവെന്ന് വൃന്ദ കാരാട്ടിന് വേണ്ടി ഹാജരായ അഡ്വ. സിദ്ധാർഥ് അഗർവാൾ ബോധിപ്പിച്ചു. 2020ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപടി എടുത്തിട്ടും ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.
ന്യൂഡൽഹി: മുസ്ലിംകളെമാത്രം മാറ്റിനിർത്തിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ‘ശാഹീൻ ബാഗ് പ്രക്ഷോഭം’ മതേതരമായിരുന്നുവെന്ന് സുപ്രീംകോടതി. പ്രക്ഷോഭകർക്കെതിരെ 2020ൽ കേന്ദ്ര മന്ത്രി അനുരാഗ് ഠാകുറും ബി.ജെ.പി എം.പി പർവേശ് വർമയും നടത്തിയ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെ സമർപ്പിച്ച ഹരജികൾ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ അഭിപ്രായ പ്രകടനം.
ശാഹീൻ ബാഗ് പ്രക്ഷോഭം മതേതരമായതിനാൽ അനുരാഗ് ഠാകുർ നടത്തിയ വിവാദ ‘ഗോലി മാറോ’ പ്രസ്താവനക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, ബി വകുപ്പുകൾ ചുമത്താനാകുമോ എന്ന് ജസ്റ്റിസ് ജോസഫ് ഹരജിക്കാരുടെ അഭിഭാഷകനോട് ആരാഞ്ഞു.
ശാഹീൻ ബാഗ് പ്രക്ഷോഭകർ മതേതരരായിരുന്നുവെങ്കിലും ഠാകുർ ഈ പറഞ്ഞത് ഒരു മതവിഭാഗത്തെ ഉദ്ദേശിച്ചാണെന്ന് സിദ്ധാർഥ് അഗർവാൾ മറുപടി നൽകി. ഇതൊരു വർഗീയ പ്രസ്താവനയല്ലെന്ന് വാദത്തിന് സമ്മതിച്ചാലും പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരെ ദേശദ്രോഹികൾ എന്നാണ് വിശേഷിപ്പിച്ചത്.
ഇത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ‘153എ’യിൽ വരുമെന്നും അഗർവാൾ വാദിച്ചു. 153എയും ബിയും ചുമത്തിയില്ലെങ്കിലും അടുത്ത ദിവസം ഒരാൾ ശാഹീൻബാഗിൽ പോയി വെടിവെച്ചുവെന്നും അഭിഭാഷകൻ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.