വിധി പറയുന്ന കാര്യത്തിൽ പുറത്തുനിന്നുള്ളവരുടെ സമ്മർദമുണ്ടോ? ഉത്തരം പറഞ്ഞ് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കഴിഞ്ഞ 23 വർഷത്തെ തന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരു കേസിലും ആരും തന്നോട് സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. നമ്മൾ പിന്തുടരുന്ന രീതി വളരെ കൃത്യമാണ്. സഹപ്രവർത്തകരോട് അവർ പരിഗണിക്കുന്ന കേസിനെക്കുറിച്ച് താൻ സംസാരിക്കാറില്ല. ഹൈക്കോടതികളിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീലുകൾ വരാറുണ്ട്. ജഡ്ജിമാർ പരസ്പരം ഉച്ചഭക്ഷണം പങ്കുവെക്കും, പക്ഷേ അപ്പീലിനെക്കുറിച്ച് ഒന്നും പങ്കുവെക്കാറില്ല. അതാണ് തങ്ങൾക്ക് കിട്ടുന്ന പരിശീലനമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇന്ത്യ ടുഡെ കോൺക്ലേവിൽ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് പദവിയിലിരിക്കുന്ന ഒരു ചീഫ് ജസ്റ്റിസ് തത്സമയ സംവാദത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയുന്നത്. ഭരണകൂടം കോടതിയുടെമേൽ ഒരു സമ്മർദവും ചെലുത്തുന്നില്ല. അങ്ങനെ സമ്മർദമുണ്ടായിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിധി പുറപ്പെടുവിക്കാനാവുമായിരുന്നില്ല. ഇത്തരം നിരവധി കേസുകളുണ്ട്. അതൊന്നും വാർത്തയാകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജഡ്ജിമാരുടെ ജോലിഭാരത്തെക്കുറിച്ചും അദ്ദേഹം മനസുതുറന്നു. ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യുന്ന ജഡ്ജിമാർക്ക് കുടുംബത്തോടൊപ്പം വിനോദത്തിന് സമയം ലഭിക്കുന്നത് അവധിക്കാലത്ത് മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. രാവിലെ 10.30 മുതൽ വൈകീട്ട് നാല് വരെ ഞങ്ങൾ കോടതിയിലിരിക്കുന്നത് ആളുകൾ കാണുന്നുണ്ട്. ഒരു ദിവസം 40-60 കേസുകൾ വരെ പരിഗണിക്കും. അടുത്ത ദിവസത്തേക്ക് ഒരുങ്ങാനായി സമാനമായ രീതിയിൽ വൈകീട്ടും വായനക്ക് സമയം ചെലവഴിക്കും. കേസുകളിൽ വിധി പറയാനുള്ളതിനാൽ ശനിയാഴ്ചയും അത് തയ്യാറാക്കാനായി ഇരിക്കേണ്ടി വരും. ഞായറാഴ്ച തിങ്കളാഴ്ചയിലെ കോടതി നടപടികൾക്കായി വായിക്കും. താൻ മാത്രമല്ല, എല്ലാ ജഡ്ജിമാരും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യുന്നവരാണ്.

യു.എസ് സുപ്രിംകോടതിയിൽ മാസത്തിൽ 8-9 ദിവസം മാത്രമാണ് സിറ്റിങ് ഉള്ളത്, ഒരു വർഷം 80 ദിവസം, വർഷത്തിൽ മൂന്ന് മാസം അവധിയാണ്. ആസ്‌ത്രേലിയൻ ഹൈക്കോടതി ഒരു മാസത്തിൽ രണ്ടാഴ്ചയാണ് സിറ്റിങ് നടത്തുന്നത്, വർഷത്തിൽ 100 ദിവസത്തിൽ താഴെ, രണ്ട് മാസം സിറ്റിങ് ഇല്ല. സിംഗപ്പൂരിൽ വർഷത്തിൽ 145 ദിവസമാണ് കോടതി പ്രവർത്തിക്കുന്നത്. യു.കെ ഏകദേശം നമ്മുടെതിന് സമാനമാണ്. ഇന്ത്യയുടെ സുപ്രിംകോടതി ഓരോ വർഷം 200 ദിവസമാണ് സിറ്റിങ് നടത്തുന്നത്. ഇതെന്താണ് ആളുകൾ മനസ്സിലാക്കാത്തത്? അവധിക്കാലത്ത് കൂടുതൽ സമയവും ചെലവഴിക്കുന്നത് കെട്ടിക്കിടക്കുന്ന കേസുകളുടെ വിധികൾ തയ്യാറാക്കാനാണ്.

ജില്ലാ തലങ്ങളിൽ ജുഡീഷ്യറി സംവിധാനത്തിന് വേണ്ടത്ര സൗകര്യങ്ങളില്ലാത്തതും ജനസംഖ്യാനുപാതത്തിലെ വ്യത്യാസവുമാണ് കേസുകൾ കെട്ടിക്കിടക്കാൻ പ്രധാന കാരണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജുഡീഷ്യൽ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജഡ്ജിമാരെ നിയമിക്കുമ്പോൾ അവരുടെ യോഗ്യതയും കഴിവുമാണ് ആദ്യം നോക്കുന്നത്. രണ്ടാമതായി സീനിയോറിറ്റി പരിശോധിക്കും, വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയും പരിശോധിക്കുമെങ്കിലും യോഗ്യതക്ക് തന്നെയാണ് പ്രധാന്യം നൽകുക. സാധ്യമാകുന്ന രീതിയിൽ വിവിധ ഹൈക്കോടതികൾക്കും പ്രദേശങ്ങൾക്കും സംസ്ഥാനങ്ങൾക്കും അവസരം നൽകാൻ ശ്രമിക്കാറുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനം സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കൊളീജിയം തീരുമാനങ്ങൾ വിശദമായി സുപ്രിംകോടതി വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് ജനങ്ങൾക്ക് വിശദമായി മനസ്സിലാക്കാനാവും. നിയമനം നടത്തുമ്പോൾ കൊളീജിയം എല്ലാ വശങ്ങളും പരിശോധിക്കാറുണ്ട്. ഒരു സംവിധാനവും എല്ലാം തികഞ്ഞതല്ല. നിലവിലുള്ളതിൽ ഏറ്റവും മികച്ചത് ഇതാണ്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Tags:    
News Summary - Absolutely No Pressure From Executive To Judges: CJI DY Chandrachud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.