കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അയോഗ്യരാണെന്ന് കാണിച്ച് സർക്കാർ അംഗീകൃത, എയ്ഡഡ് സ്‌കൂളുകളിലെ 36,000 പ്രൈമറി അധ്യാപകരുടെ നിയമനം കൊൽക്കത്ത ഹൈകോടതി റദ്ദാക്കി. നിയമനത്തിന്റെ സമയത്ത് ഇവർക്ക് അധ്യാപകരാകാനുള്ള മതിയായ പരിശീലനം ലഭിച്ചിരുന്നില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയുടെതാണ് നടപടി.
2016ലാണ് നിയമനം നടന്നത്. നിയമന സമയത്ത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ സംസ്ഥാനത്ത് ഇത്രയും വലിയ അഴിമതി ഒരിക്കലും നടന്നിട്ടില്ലെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഈ ഉദ്യോഗാർഥികളെ അഭിരുചി പരീക്ഷ നടത്താതെയാണ് നിയമിച്ചതെന്ന് ബോധ്യമായതായും ജസ്റ്റിസ് വ്യക്തമാക്കി. വൻ തുക വാങ്ങിയാണ് ഈ നിയമനങ്ങൾ നടന്നത്. ഒഴിവുകളിലേക്കായി പുതിയ നിയമനം ഉടൻ നടത്തണമെന്നും കോടതി നിർദേശിച്ചു.
42,500 സ്ഥാനാർഥികളാണ് പ്രൈമറി അധ്യാപക നിയമനത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. അതിൽ 6500 പേർ പരിശീലനം ലഭിച്ചവരായിരുന്നു. പശ്ചിമബംഗാൾ ബോർഡ് ഓഫ് പ്രൈമറി എജ്യൂക്കേഷനാണ് നിയമന നടപടികൾക്ക് നേതൃത്വം നൽകിയത്. അഴിമതിയെ തുടർന്ന് മുൻ പ്രസിഡന്റ് മണിക് ഭട്ടാചാര്യ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.