ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ രാജ്യം നാളുകളെണ്ണുന്നതിനിടെ വിവാദ നിയമ പ്രകാരം രണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർമാരെ നിയമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടങ്ങുന്ന സെലക്റ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇരുവർക്കും പുറമെ സെലക്റ്റ് കമ്മിറ്റിയിലുള്ള ലോക്സഭയിലെ മുഖ്യ പ്രതിപക്ഷ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ എതിർപ്പ് അവഗണിച്ചാണ് ഏകപക്ഷീയ നടപടി. കേന്ദ്ര സർക്കാറിന് അഭിമതരായ കേരള കേഡർ റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാർ, പഞ്ചാബ് കേഡർ ഉദ്യോഗസ്ഥൻ സുഖ്ബീർ സിങ് സന്ധു എന്നിവരെ കമീഷണർമാരാക്കാനുള്ള തീരുമാനത്തിൽ അധീർ രഞ്ജൻ ചൗധരി വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. 2023ൽ കൊണ്ടുവന്ന വിവാദ നിയമം ഉപയോഗിച്ച് പുതുതായി രണ്ട് കമീഷണർമാരെ നിയമിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കേയാണ് മോദിയുടെയും അമിത് ഷായുടെയും തിരക്കിട്ട നീക്കം. ഇരുവരുടെയും നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നൽകി.
മുഖ്യ കമീഷണർ രാജീവ് കുമാറുമായുള്ള തർക്കത്തെ തുടർന്ന് ഈ മാസം ഏഴിന് രാജിവെച്ച അരുൺ ഗോയലിന്റെയും കഴിഞ്ഞമാസം വിരമിച്ച അനൂപ് ചന്ദ്ര പാണ്ഡെയുടെയും ഒഴിവുകൾ നികത്താൻ തെരഞ്ഞെടുക്കപ്പെട്ട ഇരുവരും 1988 ബാച്ച് റിട്ട. ഐ.എ.എസ് ഓഫിസർമാരാണ്. മോദി സർക്കാർ കൊണ്ടുവന്ന പുതിയ നിയമത്തിലൂടെയാണ് പ്രധാനമന്ത്രി അധ്യക്ഷനായ മൂന്നംഗ സെലക്റ്റ് കമ്മിറ്റിയിൽ ലോക്സഭയിലെ മുഖ്യ പ്രതിപക്ഷ കക്ഷി നേതാവിന് പുറമെ പ്രധാനമന്ത്രി തന്നെ നിർദേശിച്ച കാബിനറ്റ് മന്ത്രി എന്ന നിലയിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ ഉൾപ്പെടുത്തി വ്യാഴാഴ്ച ഉച്ചക്ക് 12ന് സെലക്റ്റ് കമ്മിറ്റി യോഗം ചേർന്നത്. കമീഷണർമാരുടെ ചുരുക്കപ്പട്ടിക വേണമെന്ന് അധീർ രഞ്ജൻ ആവശ്യപ്പെട്ടെങ്കിലും ആശയക്കുഴപ്പമുണ്ടാക്കാൻ ബുധനാഴ്ച രാത്രി 212 പേരുടെ സാധ്യത പട്ടികയാണ് നൽകിയത്. ചുരുക്കപ്പട്ടിക നൽകിയെന്ന് വരുത്താൻ വ്യാഴാഴ്ച യോഗത്തിന് 10 മിനിറ്റ് മുമ്പ് മാത്രം കൊടുത്തു.
പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടി അടങ്ങുന്ന മൂന്നംഗ സെലക്റ്റ് കമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പു കമീഷണറുടെയും മറ്റു കമീഷണർമാരുടെയും നിയമനം നടത്തണമെന്നായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. വിവാദ നിയമ നിർമാണത്തിലൂടെ ഇത് മറികടന്നാണ് നിയമനം.
പുതിയ നിയമത്തോടെ സെലക്ട് കമ്മിറ്റി ഔപചാരികം മാത്രമായി. സർക്കാറിന് ഭൂരിപക്ഷമുള്ള സമിതിയിൽ അവർ എന്താഗ്രഹിക്കുന്നോ അത് സംഭവിക്കും -അധിർ രഞ്ജൻ ചൗധരി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.