തേനി: പെരിയാർ കടുവാ സങ്കേതത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടന്ന അരിക്കൊമ്പൻ മേഘമലയിൽ തുടരുന്നു. മേഘമല ശിവക്ഷേത്രത്തിന് സമീപമുള്ള ചോലക്കാട്ടിൽ ഞായറാഴ്ച വൈകീട്ട് മൂന്നോടെ അരിക്കൊമ്പനെ കണ്ടതായി വനംവകുപ്പ് വ്യക്തമാക്കി. അഞ്ചുദിവസത്തോളമായി ആന മേഘമല മേഖലയിലാണുള്ളത്. മേഘമലയെ പുതിയ ആവാസ കേന്ദ്രമായി ആന കരുതാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെയെങ്കിൽ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്നും വിദഗ്ധർ പറയുന്നു.
അരിക്കൊമ്പന്‍റെ സാന്നിധ്യം മേഘമലയിലെ ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് കൃഷിയിടത്തിലേക്ക് ഇറങ്ങിയ ആനയെ വനംവകുപ്പും നാട്ടുകാരും ചേർന്നാണ് കാട്ടിലേക്ക് മടക്കിയത്. രാത്രിയിൽ പുറത്തിറങ്ങരുതെന്ന് പ്രദേശവാസികൾക്ക് തേനി ജില്ല കലക്ടർ ഷാജീവന മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാര കേന്ദ്രമായ മേഘമലയിൽ സഞ്ചാരികൾക്ക് വനംവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്. പ്രദേശത്തുകൂടെയുള്ള ബസ് സർവിസ് നിർത്തിയിരിക്കുകയാണ്.
മേഘമലയിലേക്കുള്ള കവാടമായ തെക്കൻ പളനി ചെക്പോസ്റ്റിൽ 20 പൊലീസുകാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ട്. ഇതിനപ്പുറത്തേക്ക് സഞ്ചാരികളെ കടത്തിവിടുന്നില്ല. ആനയെ നേരത്തെ കണ്ട മേഘമല ഹൈവേസിലും 20 പൊലീസുകാർ ആനയെ നിരീക്ഷിക്കുന്നുണ്ട്.
ചോലക്കാടും തേയിലത്തോട്ടങ്ങളും ഉൾപ്പടെ ചിന്നക്കനാലിന് സമാനമായ പരിസ്ഥിതിയാണ് മേഘമലയിലേതെന്നും അതിനാൽ അരിക്കൊമ്പൻ മേഘമല താവളമാക്കാനുള്ള സാധ്യതയേറെയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പെരിയാർ കടുവാ സങ്കേതത്തിൽ നിന്ന് എട്ടുകിലോമീറ്റർ അകലെയാണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്. മേഘമല കടുവാ സങ്കേതത്തിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയുമാണ്.
ചിന്നക്കനാൽ മേഖലയിൽ വ്യാപക നാശനഷ്ടമുണ്ടാക്കുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്ത അരിക്കൊമ്പനെ ഏപ്രിൽ 29നാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് ജി.പി.എസ് കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിടുകയായിരുന്നു. എന്നാൽ, ഇവിടെ നിന്ന് സംസ്ഥാനാതിർത്തി കടന്ന് തമിഴ്നാട്ടിലേ മേഘമല ഭാഗത്തേക്ക് കടക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.