രജൗറി: ജമ്മു കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ഗുരുതര പരിക്കേറ്റ സൈനികനാണ് മരിച്ചത്.
രജൗറി, പൂഞ്ച് ജില്ലകളിൽ ഉൾപ്പെടുന്ന തർകുന്ദി സെക്ടറിലെ നിയന്ത്രണരേഖയിലാണ് പാക് സൈന്യം ഏകപക്ഷീയ ഷെല്ലാക്രമണം നടത്തിയത്. പ്രകോപനമില്ലാത്ത സാഹചര്യത്തിൽ പാക് സേന നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.
ബുധനാഴ്ച രാത്രി രജൗറി ജില്ലയിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ പ്രദേശവാസിയായ നയമത്തുല്ലക്ക് (35) പരിക്കേറ്റിരുന്നു. ഇയാളുടെ വലത് തോളിൽ ഷെല്ലിന്‍റെ ചീള് തറച്ചാണ് പരിക്കേറ്റത്.
ബുധനാഴ്ച നൗഷാര സെക്ടറിലെ ജനവാസ മേഖലകൾ ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ വെടിവെപ്പിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.
ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ബുദ്ഗാമിലെ പത്താൻപോറ ഗ്രാമത്തിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പ്രദേശം വളഞ്ഞ് സുരക്ഷാസേന പരിശോധന ആരംഭിക്കുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മിൽ വെടിവെപ്പ് തുടരുന്നതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.