ഭുവനേശ്വർ: പൊലീസ് കസ്റ്റഡിയിൽ ലൈംഗികമായി ഉപദ്രവിച്ചതായി ഭുവനേശ്വറിൽ അറസ്റ്റിലായ സൈനിക ഉദ്യോഗസ്ഥന്റെ വനിതാ സുഹൃത്ത്. ഈ മാസം15 ന് ഭരത്പൂർ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവതിയെ വ്യാഴാഴ്ച ഹൈകോടതി അനുവദിച്ച ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
അന്നേദിവസം രാത്രി വൈകി തന്റെ റസ്റ്റോറന്റ് അടച്ച ശേഷം സുഹൃത്തായ സൈനിക ഓഫിസറുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരോട് ചില പുരുഷന്മാർ മോശമായി പെരുമാറിയതായി യുവതി പറഞ്ഞു. തുടർന്ന് ഇരുവരും ഭരത്പൂർ പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടി. ‘ഞങ്ങൾ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയപ്പോൾ ഒരു വനിതാ കോൺസ്റ്റബിൾ സിവിൽ ഡ്രസിൽ ഉണ്ടായിരുന്നു. പരാതി രജിസ്റ്റർ ചെയ്യണമെന്നും അക്രമികളെ പിടികൂടാൻ പട്രോളിംഗ് വാഹനം അയക്കണമെന്നും ആവശ്യപ്പെട്ട് ഞങ്ങളവരെ സമീപിച്ചു. പക്ഷെ, സഹായിക്കുന്നതിന് പകരം അവർ എന്നെ അപമാനിച്ചു’ വെന്ന് ഇപ്പോൾ ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിൽ കഴിയുന്ന യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. അവർ അവനെ ലോക്കപ്പിൽ കിടത്തി. നിയമവിരുദ്ധമായതിനാൽ ഒരു സൈനിക ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ വെക്കാൻ പാടില്ലെന്ന് ഞാൻ ശബ്ദം ഉയർത്തിയപ്പോൾ രണ്ട് വനിതാ ഉദ്യോഗസ്ഥർ എന്നെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി. ഞാൻ പ്രതിരോധിക്കാൻ ശ്രമിച്ചു. വനിതാ പൊലീസുകാർ കഴുത്തിൽ പിടിച്ചമർത്തിയപ്പോൾ ഞാൻ കൈയ്യിൽ കടിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ എന്റെ കൈയ്യും കാലും ബന്ധിച്ച ശേഷം ഒരു മുറിയിലടച്ചു. കുറച്ചുസമയത്തിന് ശേഷം ഒരു പുരുഷ ഉദ്യോഗസ്ഥൻ വാതിൽ തുറന്ന് മാറിടത്തിൽ പലതവണ ചവിട്ടി. അയാൾ പാന്‍റ് താഴ്ത്തി സ്വകാര്യഭാഗം കാണിച്ച് ഇനി നീ എത്ര സമയം മിണ്ടാതിരിക്കുമെന്ന് ചോദിച്ചു’ വെന്നും അവൾ വിവരിച്ചു.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമീഷൻ ഡി.ജി.പിയോട് നടപടി സ്വീകരിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് ആവശ്യപ്പെട്ട് കത്തയച്ചു. അടിയന്തര അച്ചടക്ക നടപടി പ്രതീക്ഷിക്കുന്നുവെന്നും കമീഷൻ ‘എക്‌സി’ൽ കുറിച്ചു. ഇതിനിടെ സൈനിക ഉദ്യോഗസ്ഥനോടും യുവതിയോടും അപമര്യാദയായി പെരുമാറിയ അജ്ഞാതർക്കെതിരെ ചാന്ദക പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.