ഷഹ്ദോൾ: അഗ്നിവീർ പദ്ധതിക്ക് ഇന്ത്യൻ സൈന്യം എതിരാണെന്നും ഈ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തലയിൽ ഉദിച്ചതാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഗ്നിവീർ പദ്ധതി സംബന്ധിച്ച മുഴുവൻ തീരുമാനവും എടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസ് ആണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
'മുമ്പ് പാവപ്പെട്ടവർക്ക് സൈന്യത്തിൽ ചേരുമ്പോൾ പെൻഷൻ കിട്ടിയിരുന്നു. ഇപ്പോൾ സൈന്യം ഒരാളെ നാലു മാസത്തേക്ക് പരിശീലിപ്പിക്കുന്നു. അതേസമയം, ഒരു ചൈനീസ് സൈനികൻ അഞ്ച് വർഷത്തെ പരിശീലനം നേടുന്നു. എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയാം. ആ അഗ്നിവീർ മരിക്കുമ്പോൾ അവന് പെൻഷനോ കാന്‍റീനോ ഒന്നും കിട്ടില്ല. ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നാൽ അഗ്നിവീർ പദ്ധതി നിർത്തലാക്കും. സൈന്യം പോലും അഗ്നിവീർ പദ്ധതിക്ക് എതിരാണ്. ഈ പദ്ധതി പ്രധാനമന്ത്രിയുടെ ആശയമായിരുന്നു. അതി തീരുമാനമെടുത്തത് പ്രധാനമന്ത്രിയുടെ ഓഫീസ് ആണ്' -രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
അഗ്നിവീർ പദ്ധതി അവസാനിപ്പിക്കുമെന്നും കര, നാവിക, വ്യോമ സേനകൾ നടത്തുന്ന സാധാരണ റിക്രൂട്ട്മെന്‍റ് പ്രക്രിയ നടപ്പാക്കുമെന്നും കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. സൈനികർക്ക് സാമ്പത്തിക, സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുമെന്നും പ്രകടനപത്രിക ചൂണ്ടിക്കാട്ടുന്നു.
ജാതി സെൻസസും സാമ്പത്തിക സർവേയും രാജ്യത്തിന് ആവശ്യമാണ്. ഇവ രണ്ടും സത്യം തുറന്നുകാട്ടും. വിഭവ ശേഖരണത്തെ കുറിച്ചുള്ള വിശദാംശങ്ങളും സാമ്പത്തിക സർവേ വെളിപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.