അർണബ് ഗോസ്വാമി പിതാവിനെ ഭീഷണിപ്പെടുത്തിയെന്ന് അദന്യ നായിക്

മുംബൈ: അർണബ് ഗോസ്വാമി ഭീഷണിപ്പെടുത്തിയതിനാലാണ് തന്‍റെ പിതാവ് ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി ഇന്‍റീരിയർ ഡിസൈനറായ അൻവോയ് നായിക്കിന്‍റെ മകളും ഭാര്യയും രംഗത്ത്. 83 ലക്ഷം രൂപയാണ് റിപ്പബ്ലിക് ചാനലിന്‍റെ ഇന്‍റീരിയർ ഡിസൈൻ ചെയ്ത വകയിൽ പിതാവിന് ലഭിക്കാനുണ്ടായിരുന്നത്. അർണാബ് ഗോസ്വാമിയടക്കം മൂന്നുപേർ 5.4 കോടി രൂപ തരാനുള്ളതായി പിതാവ് ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നുവെന്നും അദന്യ നായിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പിതാവിന്‍റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിൽ മഹാരാഷ്ട്ര സർക്കാറിന് അദന്യയും അമ്മയും നന്ദി പറഞ്ഞു. റിപബ്ളിക് ടി.വിയുടെ ജോലികളിൽ ആർക്കിടെക്ടായ അദന്യയും സഹായിച്ചിരുന്നു.

'അർണബ് പണം നൽകില്ലെന്ന് എന്‍റെ പിതാവിനോട് പറയുമായിരുന്നു. ഇതേക്കുറിച്ച് പരാതിപ്പെട്ടാൽ ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പരാതിപ്പെട്ടെങ്കിലും ഇതേക്കുറിച്ചൊന്നും അന്വേഷണം നടന്നില്ല. അന്ന് ഞങ്ങൾ പലതവണ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടിരുന്നു. എന്ത് സ്വാധീനമുപയോഗിച്ചാണ് കേസ് ഇല്ലാതാക്കി കളഞ്ഞതെന്ന് അറിയില്ല.' അദന്യ പറഞ്ഞു.

അഞ്ച് മിനിറ്റ് നേരത്തേക്കെങ്കിലും കൂടിക്കാഴ്ചക്ക് സമയം തരണമെന്ന് പലതവണ അർണബിനോട് താൻ ആവശ്യപ്പെട്ടിരുന്നു. പക്ഷ ഞങ്ങളെ അദ്ദേഹം എല്ലായ്പോഴും അവഗണിച്ചു. മുർബാദ്, ദാദർ പൊലീസ് സ്റ്റേഷനുകളിൽ പരാതി രജിസ്റ്റർ ചെയ്തെങ്കിലും ഫലമുണ്ടായില്ല. തരാനുള്ള പണം തരണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഭീഷണി ഫോൺകോളുകൾ ലഭിച്ചു. ഞങ്ങൾ പോകുന്നിടത്തെല്ലാം ആരോ പിന്തുടർന്നു. ഞങ്ങൾ സമ്മർദ്ദത്തിലായിരുന്നു. നീതി ലഭിക്കണം എന്ന് മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം.

അൻവോയ് നായിക്കിന്‍റെ ആത്മഹത്യയുടെ ബന്ധപ്പെട്ട കേസിലാണ് മുംബൈ പൊലീസ് അർണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - Arnab Goswami, others threatened victim, say Ananya naik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.