കോടതിയലക്ഷ്യ കേസിൽ നിരുപാധികം മാപ്പ് പറഞ്ഞ് അർണബ് ഗോസ്വാമി

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ നിരുപാധികം മാപ്പ് പറഞ്ഞ് റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. അന്തരിച്ച പരിസ്ഥിതി പ്രവർത്തകനും എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് (ടിഇആർഐ) മുൻ മേധാവിയുമായ ആർ. പച്ചൗരി ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് ഗോസ്വാമി മാപ്പപേക്ഷിച്ചത്.

പച്ചൗരിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണം സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിക്കുന്നത് കോടതി വിലക്കിയിരുന്നു. എന്നാൽ, ഈ ഉത്തരവ് അർണബ് അടക്കമമുള്ള നിരവധി മാധ്യമ പ്രവർത്തകരും മാധ്യമസ്ഥാപനങ്ങളും പാലിക്കുന്നില്ലെന്ന് ആരോപിച്ച് 2016 ഫെബ്രുവരിയിലാണ് പച്ചൗരി കോടതിയലക്ഷ്യ ഹരജി സമർപ്പിച്ചത്.

‘ബഹുമാനപ്പെട്ട കോടതി ക്ഷമാപണം സ്വീകരിച്ച് തനിക്കെതിരായ നടപടികൾ ഉടനടി അവസാനിപ്പിക്കാനും ദയയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു​’ എന്നാണ് അർണബ് സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. ഗോസ്വാമി മാന്യനായ പൗരനാണെന്നും നിയമം അനുസരിക്കുകയും എല്ലാ കോടതികളെയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അതിൽ പറയുന്നു. “ഈ കോടതിയുടെ ഉത്തരവുകൾ മനഃപൂർവം അനുസരിക്കാത്ത, അനുസരണക്കേട് കാണിക്കുന്ന ഒരു പ്രവൃത്തിയും ചെയ്യാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ബഹുമാനപ്പെട്ട കോടതി 18.02.2015-ന് പുറപ്പെടുവിച്ച C.S (OS) 425 ഉത്തരവിന്റെ പരിധിയിൽ വരില്ല എന്ന ഉത്തമ വിശ്വാസത്തിലാണ് ആരോപണവിധേയമായ വാർത്ത ഞാൻ സംപ്രേക്ഷണം ചെയ്തത്’ -സത്യവാങ്മൂലത്തിൽ തുടർന്നു.

2016ൽ കേസ് ഫയൽ ചെയ്യുമ്പോൾ ഗോസ്വാമി ടൈംസ് നൗവിലായിരുന്നു. ബെന്നറ്റ് ആൻഡ് കോൾമാൻ, എൻഡിടിവി മുൻ പ്രൊമോട്ടർ പ്രണോയ് റോയ് എന്നിവർക്കെതിരെയും കേസുണ്ട്.

തന്നെ മാധ്യമ വിചാരണയ്ക്ക് വിധേയനാക്കുകയാണെന്നും റിപ്പോർട്ടുകൾ അപകീർത്തികരവും മുൻവിധി നിറഞ്ഞതുമാണെന്നും പച്ചൗരി ഹരജിയിൽ പറഞ്ഞിരുന്നു. 2020ലാണ് അദ്ദേഹം അന്തരിച്ചത്.

Tags:    
News Summary - Arnab Goswami tenders apology to former TERI chief before Delhi HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.