ടി.വി അവതാരകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളിൽ ബോളിവുഡ് നടി കങ്കണ റണാവത്തിനെകുറിച്ചും പരാമർശങ്ങൾ. ചാറ്റിൽ കങ്കണക്ക് 'ഇറോട്ടോ മാനിയ' ആണെന്നാണ് അർണബ് പറയുന്നത്. ബോളിവുഡ് നടൻ ഹൃതിക് റോഷനുമായുള്ള കങ്കണയുടെ തർക്കങ്ങൾ നടക്കുന്ന സമയത്തെ ചാറ്റുകളിലാണ് കങ്കണയും കടന്നുവരുന്നത്. 'കങ്കണ പരിധിവിടുകയാണെന്നും' 'ആളുകൾക്ക് അവളെ പേടിയാണെന്നും' അർണബ് പറയുന്നു.
എന്താണീ ഇറോട്ടോ മാനിയ
ഒരു വ്യക്തി തന്നെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയും അയാൾ അത് അറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇറോട്ടോ മാനിയ. ചിലപ്പോൾ നാം ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യക്തിയായിരിക്കും നമ്മെ സ്നേഹിക്കുന്നതായി നാം വിശ്വസിച്ചിരിക്കുക. അത് ചിലപ്പോൾ രാഷ്ട്രീയക്കാരനെയോ നടനെയോ പോലെ പ്രശസ്തരായിരിക്കാം. രോഗം ബാധിച്ചയാൾ ഒരു പ്രത്യേക വ്യക്തിയുമായി ഒരു ബന്ധത്തിലാണെന്ന് സ്വയം കരുതുന്നു. അതേപറ്റി അയാൾക്ക് വളരെ ഉറപ്പുണ്ടായിരിക്കുകയും ചെയ്യും. അങ്ങിനെയല്ല എന്ന് തെളിയിക്കുന്ന വസ്തുതകൾ രോഗി ഒരിക്കലും അംഗീകരിക്കുകയുമില്ല. വളരെ അപൂർവ്വമായി കാണപ്പെടുന്ന രോഗമാണിത്. സ്കീസോഫ്രീനിയ അല്ലെങ്കിൽ ബൈപോളാർ ഡിസോർഡർ പോലുള്ള മറ്റ് മാനസിക പ്രശ്നങ്ങളുമായി ഈ രോഗം ബന്ധപ്പെട്ടിരിക്കുന്നു. ഇത് ആഴ്ചകളോ വർഷങ്ങളോ നീണ്ടുനിൽക്കും.
അതേസമയം പുൽവാമയിൽ നടന്ന രാജ്യത്തിനെതിരായ ഭീകരാക്രമണത്തിൽ വലിയ സന്തോഷമാണ് ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയുമായി നടത്തിയ ചാറ്റുകളിൽ അർണബ് പ്രകടിപ്പിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തെകുറിച്ച് 'വലിയ വിജയം' എന്നാണ് അർണബ് പറയുന്നത്. 'നമ്മൾ ഇത്തവണ വിജയിക്കും' എന്നും പുൽവാമ ആക്രമണം അറിഞ്ഞ അർണബ് ആവേശത്തോടെ പ്രതികരിക്കുന്നുണ്ട്. ചാവേർ ബോംബർ ഓടിച്ച കാർ സൈന്യം സഞ്ചരിച്ച ബസ്സിലേക്ക് ഇടിച്ചുകയറ്റിയുണ്ടായ സ്ഫോടനത്തിൽ 40 പട്ടാളക്കാരാണ് വീരമൃത്യുവരിച്ചത്.
പുൽവാമക്ക് തിരിച്ചടിയായി ഇന്ത്യൻ സൈന്യം രഹസ്യമായി നടത്തിയ ബാലാക്കോട്ട് ആക്രമണം മൂന്ന് ദിവസംമുമ്പുതന്നെ അർണബ് അറിഞ്ഞിരുന്നതായും ചാറ്റുകൾ സൂചിപ്പിക്കുന്നു. ബാലകോട്ട് ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് വാട്‌സ്ആപ്പ് ചാറ്റിൽ 'വലിയ എന്തെങ്കിലും സംഭവിക്കും' എന്ന് അർണബ് പറയുന്നുണ്ട്. 'സാധാരണ ഉള്ളതിനേക്കാൾ വലുത് സംഭവിക്കും' എന്നാണ് അർണബ് പാർത്തോദാസിനോട് പറയുന്നത്. 2019 ഫെബ്രുവരി 23ന് നടന്ന വാട്സാപ്പ് ചാറ്റിലാണിത് പറയുന്നത്. മൂന്ന് ദിവസത്തിന് ശേഷം, 2019 ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേന പാകിസ്താൻ പട്ടണമായ ബാലകോട്ടിൽ ജയ്ഷെ മുഹമ്മദ് പരിശീലന ക്യാമ്പിനുനേരേ ആരകമണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.