ന്യൂഡൽഹി: പെരുമാറ്റച്ചട്ടം നിലവിൽ വന്ന് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോഴും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ കേന്ദ്ര സർക്കാറിന് കഴിയുന്നതെന്തു കൊണ്ടാണ്? പെരുമാറ്റച്ചട്ടം വരുന്നതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയാതെ പ്രതിപക്ഷ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഇ.ഡിക്ക് കഴിയുമോ? കേന്ദ്രത്തിന് ദുരുപയോഗം ചെയ്യാൻ വിധം ഇ.ഡിക്ക് അമിതാധികാരം നൽകിയ പി.എം.എൽ.എ നിയമത്തിലെ കിരാത വ്യവസ്ഥകളുടെ പുനഃപരിശോധന സുപ്രീംകോടതി പൊതുതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാറ്റിവെച്ചത് എന്തിനാണ്? രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സംസ്ഥാന മുഖ്യമന്ത്രിയെ കേന്ദ്ര സർക്കാർ ഏജൻസി അറസ്റ്റ് ചെയ്ത് കൊണ്ടു പോകുമ്പോൾ ചർച്ചയാകുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും പി.എം.എൽ.എ എന്ന കിരാത നിയമവുമാണ്.
സാധാരണഗതിയിൽ ഒരു ക്രിമിനൽ കേസിൽ ഒരാൾ അറസ്റ്റിലായാൽ അയാൾ കുറ്റക്കാരനാണെന്ന് തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണെങ്കിൽ പി.എം.എൽ.എ കേസിൽ അറസ്റ്റിലാകുന്ന ആളാണ് താൻ കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ടത്. പി.എം.എൽ.എ കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ ഈ അമിതാധികാരം ശരിവെച്ച പ്രമാദമായ സുപ്രീംകോടതി വിധി പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പുനഃപരിശോധിക്കില്ലെന്ന് വ്യക്തമാക്കി ആ ഹരജികൾ പരിഗണിക്കാനായി ജൂലൈ 23, 24, 25 തിയതികളിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാൾ അറസ്റ്റിലാകുന്നത്.
ഡൽഹി മദ്യനയ കേസിലെ ജാമ്യ ഹരജികൾ തള്ളിയ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ്, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു ആ തീരുമാനം. രാജ്യത്ത് നിലവിലുള്ള സാഹചര്യം കപിൽ സിബൽ ഓർമപ്പെടുത്തിയപ്പോൾ പി.എം.എൽ.എ കേസുകളിൽ കോടതികൾക്ക് ജാമ്യം നൽകാമല്ലോ എന്നായിരുന്നു ഈ ബെഞ്ച് നൽകിയ മറുപടി. എന്നാൽ മനീഷ് സിസോദിയക്കും കവിതക്കും ഇതേ ബെഞ്ച് ജാമ്യം നൽകിയതുമില്ല. അതേ ബെഞ്ചിന് മുമ്പിലേക്ക് പോകാനാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വെള്ളിയാഴ്ച കെജ്രവാളിനോട് പറഞ്ഞതും.
ഇത്തരമൊരു കിരാത നിയമം ഇ.ഡി ഒരു സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ പ്രയോഗിക്കുമ്പോൾ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുകയാണെന്നും മാതൃകാ പെരുമാറ്റച്ചട്ടവുമുണ്ടെന്നുമുള്ള കാര്യം തെരഞ്ഞെടുപ്പ് കമീഷൻ മറന്നുപോയോ എന്ന് രാജ്യസഭ എം.പിയും വിവരാവകാശ പ്രവർത്തകനുമായ സാകേത് ഗോഖലെ ചോദിച്ചു. കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം കമീഷനെ ഇ.ഡി അറിയിച്ചിരുന്നോ എന്നും ഇ.ഡി ഉറവിടങ്ങളിൽ നിന്ന് എന്ന് പറഞ്ഞ് ഡൽഹി മുഖ്യമന്ത്രിക്കെതിരെ ചാനലുകൾ നടത്തുന്ന വന്യമായ ആക്രമണങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കാണാത്തതെന്തു കൊണ്ടാണെന്നും സാകേത് ഗോഖലെ ചോദിച്ചു.
സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണും ഇതേ ചോദ്യമുയർത്തുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വന്ന ഘട്ടത്തിലാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിയെ കാണിക്കാൻ ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി. ഈ കേസിൽ ആകെ കൂടിയുള്ളത് ഒരു മാപ്പുസാക്ഷിയാണ്. അയാളാകട്ടെ ഇ.ഡിയെ നിയന്ത്രിക്കുന്ന ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന നൽകിയയാളാണെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്ത ശേഷം ഇത്തരമൊരു അറസ്റ്റ് മുമ്പൊരിക്കലുമുണ്ടാകാത്തതെന്ന് ആപ് നേതാവും സംസ്ഥാന മന്ത്രിയുമായ അതിഷി വിമർശിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ ശേഷം പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും മുഴുവൻ രാഷ്ട്രീയ എതിരാളികളെയും ഇങ്ങിനെ അറസ്റ്റ് ചെയ്താൽ ജനാധിപത്യത്തിന്റെ വിധി എന്താകുമെന്ന് രാജ്യസഭ എം.പി ഡെറിക് ഒബ്റേൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.