ലഖ്നോ: യു.പിയിൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് എസ്.പിയിൽ ചേർന്ന മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യക്കെതിരെ അറസ്റ്റ് വാറണ്ട്. ഏഴ് വർഷം മുമ്പുള്ള കേസിലാണ് വാറന്‍റ് ലഭിച്ചത്.
ഹിന്ദു ദേവതകൾക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് 2014ൽ മൗര്യക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് രാജിക്ക് തൊട്ടടുത്ത ദിവസം അറസ്റ്റ് വാറന്‍റ് നൽകിയത്. കേസ് ജനുവരി 24ന് പ്രത്യേക കോടതി പരിഗണിക്കും.
യു.പിയിലെ പ്രമുഖ ഒ.ബി.സി നേതാവായ മൗര്യ 2016ലാണ് ബി.ജെ.പിയിലെത്തിയത്. ബി.എസ്.പിയിൽ നിന്നും രാജിവെച്ചായിരുന്നു ബി.ജെ.പി പ്രവേശനം.
(സ്വാമി പ്രസാദ് മൗര്യ അഖിലേഷ് യാദവിനൊപ്പം)
മൗര്യ ഉൾപ്പെടെ രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എൽ.എമാരുടെയും രാജി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.പിയിൽ ബി.ജെ.പിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വൻ തിരിച്ചടിയായി. മൗര്യക്കൊപ്പം എം.എൽ.എമാരായ റോഷൻ ലാൽ വർമ്മയും ബ്രിജേഷ് പ്രജാപതിയും ഭഗവതി പ്രസാദും പാർട്ടി വിട്ടിരുന്നു. ഇവർക്ക് പിന്നാലെ ഇന്ന് മന്ത്രി ദാരാ സിങ് ചൗഹാനും രാജിവെച്ചു. കൂടുതൽ എം.എൽ.എമാർ സ്വാമി പ്രസാദ് മൗര്യയോടൊപ്പം എസ്.പിയിലെത്തുമെന്നാണ് സൂചന.
ഉത്തർപ്രദേശിൽ ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് മൂന്ന്, ഏഴ് തീയതികളിലായി ഏഴു ഘട്ടമായാണ് വോട്ടെടുപ്പ്. മാർച്ച് 10നാണ് വോട്ടെണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.