പ്രജ്വൽ രേവണ്ണ 

പ്രജ്വൽ രേവണ്ണ തോറ്റു; ദേവഗൗഡയുടെ പൗത്രന്റെ പതനം ജെ.ഡി-എസിന് പ്രഹരമായി

ബംഗളൂരു: കർണാടക ഹാസൻ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി വീണ്ടും ജനവിധി തേടിയ സിറ്റിങ് എം.പി പ്രജ്വൽ രേവണ്ണ പരാജയപ്പെട്ടു. എതിർ സ്ഥാനാർഥി കോൺഗ്രസിന്റെ എം. ശ്രേയസ് പാട്ടീൽ 45000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെ അഞ്ചുതവണ ലോക്സഭയിൽ എത്തിച്ച ഈ മണ്ഡലത്തിൽ ലൈംഗികാതിക്രമക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പൗത്രന്റെ പതനം ജെ.ഡി-എസിന് പ്രഹരമായി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിൽ 1.41 ലക്ഷം വോട്ടുകൾക്കാണ് ഈ മണ്ഡലത്തിൽ പ്രജ്വൽ വിജയിച്ചത്. ഹാസൻ, ചിക്കമഗളൂരു ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന മണ്ഡലത്തിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ ആറിടത്തും ജെ.ഡി.എസ്-ബി.ജെ.പി എം.എൽ.എമാരാണ് പ്രതിനിധാനം ചെയ്യുന്നത്. ഹാസൻ ജില്ലയിലെ സക് ലേഷ്പുർ, ബെളൂർ മണ്ഡലങ്ങൾ ബി.ജെ.പി, ശ്രാവണബെളഗോള, ഹാസൻ, ഹൊളെനരസിപ്പുർ, അർക്കൾഗുഡ് എന്നിവിടങ്ങളിൽ ജെ.ഡി.എസ്, അർസികരെ, ചിക്കമഗളൂരു ജില്ലയിലെ കഡുർ എന്നിവിടങ്ങളിൽ കോൺഗ്രസ് എം.എൽ.എമാരുമാണ്.

2004, 2009, 2014 തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി താൻ വിജയിച്ച മണ്ഡലം ദേവഗൗഡ 2019ൽ മൂത്ത മകൻ എച്ച്.ഡി. രേവണ്ണയുടെ മകൻ പ്രജ്വലിന് നൽകുകയായിരുന്നു. മറ്റൊരു മകൻ മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാര സ്വാമി മാണ്ഡ്യ മണ്ഡലത്തിൽ പരാജയപ്പെട്ടപ്പോൾ പ്രജ്വൽ മുത്തച്ഛന്റെ അരുമയായി ഉജ്ജ്വല വിജയം നേടുകയായിരുന്നു. പ്രജ്വൽ രേവണ്ണ 28ാം വയസ്സിൽ എം.പിയായ മുതലുള്ള അഞ്ചുവർഷങ്ങളിൽ അദ്ദേഹം നോവിച്ച അതിജീവിതകളുടെ കണ്ണീരിൽ ഹാസനിലെ ജെ.ഡി.എസ് പ്രതാപം ഒഴുകിപ്പോയതാണ് ജനവിധി നൽകുന്ന സൂചന.

അശ്ലീല ദൃശ്യങ്ങൾ പെൻഡ്രൈവിലൂടെ പുറത്തുവരും മുമ്പുതന്നെ പീഡിത പെണ്ണുടലുകളുടെയുള്ളിൽ കനലെരിയുന്നുണ്ടായിരുന്നു. പ്രജ്വൽ രേവണ്ണ വിജയിച്ചെങ്കിൽ ഉയർന്നുവരുമായിരുന്ന നിയമപ്രശ്നങ്ങളും ഒഴിവായി. കഴിഞ്ഞമാസം 26ന് ലോക്സഭ തെരഞ്ഞെടുപ്പ് നടന്നതിന്റെ പിറ്റേദിവസം രാജ്യം വിട്ട പ്രജ്വൽ 34 ദിവസങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തിയത്. 

Tags:    
News Summary - Arrested MP Prajwal Revanna, Accused Of Sex Crimes, Trails From Hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.