ന്യൂഡൽഹി: ആരോഗ്യ ഇൻഷുറൻസിന് ചരക്ക് സേവന നികുതി (ജി.എസ്.ടി) ഇളവ് നൽകണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ വിഷയത്തിൽ തിങ്കളാഴ്ച ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനമെടുത്തേക്കും. കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികൾ ഉൾക്കൊള്ളുന്ന സമിതിയാണ് ഇതുമായി ബന്ധപ്പെട്ട് കൗൺസിലിന് നിർദേശം സമർപ്പിക്കേണ്ടത്. ജി.എസ്.ടി ഇളവ് സംബന്ധിച്ച് സംസ്ഥാനങ്ങൾ തമ്മിൽ സമിതിയിൽ അഭിപ്രായ ഐക്യത്തിലെത്തിയിട്ടില്ല. ഇതിന് പിന്നാലെ ചർച്ചകളിൽ ഉരുത്തിരിഞ്ഞ നാല് സാധ്യതകൾ സമിതി ജി.എസ്.ടി കൗൺസിലിന് മുന്നിൽ വെച്ചേക്കുമെന്നാണ് വിവരം.
ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾക്കും പുതുക്കലുകൾക്കും പൂർണമായ ഇളവ്, ആരോഗ്യ ഇൻഷുറൻസ് സേവനങ്ങളുടെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ചുശതമാനമായി കുറക്കുക എന്നിവയാണ് സമിതിയുടെ ശിപാർശയിലുള്ളത്. ഇതിന് പുറമെ മുതിർന്ന പൗരന്മാരുടെ ഇൻഷുറൻസ് പ്രീമിയങ്ങൾക്കും അഞ്ചുലക്ഷം വരെ കവറേജുള്ള പ്രീമിയങ്ങൾക്കും ഇളവുനൽകുന്നതും അല്ലെങ്കിൽ മുതിർന്ന പൗരന്മാരുടെ പ്രീമിയങ്ങളെ മാത്രം ഒഴിവാക്കുന്നതും സമിതി ശിപാർശകളിലുണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച വിശദ റിപ്പോർട്ട് തിങ്കളാഴ്ചത്തെ ജി.എസ്.ടി യോഗത്തിൽ സമർപ്പിക്കും. ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾക്കുള്ള ചരക്കുസേവന നികുതി ഇളവ് ചെയ്യണമെന്ന് നേരത്തെ ധനസേവന വകുപ്പും ധനമന്ത്രിയോട് ശിപാർശ ചെയ്തിരുന്നു.
ലൈഫ് ഇൻഷുറൻസ് പ്രീമിയം പൂർണമായും ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കുന്നതും സമിതി പരിഗണിച്ചതായാണ് വിവരം. ഇത് നടപ്പാക്കിയാൽ ജി.എസ്.ടി ഇനത്തിൽ 210 കോടിയുടെ വരുമാനനഷ്ടം ഉണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ മൊത്തം ആരോഗ്യ ഇൻഷുറൻസ് പ്രീമിയം 90,032 കോടിയായിരുന്നു.
ഇതിൽ വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് വിഭാഗത്തിൽ 35,300 കോടിയാണ് സമാഹരിച്ചത്, ഇത് ആകെ ഇൻഷുറൻസ് തുകയുടെ 39 ശതമാനം ആണ്. വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ നിലവിലെ 18 ശതമാനം ജി.എസ്.ടിയിൽ സർക്കാറിന് 6,354 കോടി ലഭിച്ചു. നികുതി ഇളവ് വരുന്നതോടെ പ്രീമിയം കുറയുന്നതോടെ കൂടുതൽ ആളുകൾ ഇൻഷുറൻസ് സേവനങ്ങളിലേക്ക് ആകൃഷ്ടരാവുമെന്നാണ് ധനസേവന വകുപ്പിന്റെ വാദം. രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവരുടെ എണ്ണം വർധിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് ഈ നീക്കം ഊർജം പകരുമെന്നും വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾക്ക് നികുതി ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.