പ്രണയഭാജനത്തിെൻറ ഓർമയിൽ ഷാജഹാൻ പണിത പ്രണയകുടീരത്തിന്റെ കഥകേട്ടപ്പേൾ പർവേസ് മുശർറഫ് എല്ലാ തിരക്കുകളും മാറ്റിവെച്ചപോലെയായിരുന്നു. പത്നി സേബക്കൊപ്പം അവിടെ ചെലവഴിച്ചത് ഒരുമണിക്കൂറോളം. 2001 ജൂലൈയിലെ ആഗ്ര നയതന്ത്രസന്ദർശനവേളയിലാണ് ലോകാത്ഭുതമായ താജ്മഹൽ കാണാൻ പാകിസ്താൻ പ്രസിഡന്റ് പർവേസ് മുശർറഫും ഭാര്യ സെഹ്ബയും എത്തിയത്.
അന്ന് സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റായിരുന്ന എനിക്കായിരുന്നു താജ്മഹലിന്റെ ചരിത്രമാഹാത്മ്യങ്ങൾ വിശദീകരിച്ചുകൊടുക്കാനുള്ള ചുമതല. ഒരുമണിക്കൂർ ആയിരുന്നു സന്ദർശന സമയം. താജ്മഹലിന്റെ ചരിത്രം കേട്ട ശേഷം അംഗരക്ഷകരെയും നയതന്ത്രപ്രതിനിധികളെയും ഒഴിവാക്കി താജ്മഹലിന്റെ അകത്തളങ്ങളിൽ ഇരുവരും പതിനഞ്ചുമിനിറ്റിലേറെ ചെലവഴിച്ചു.
ഷാജഹാൻ തീർത്ത വെണ്ണക്കൽ സൗധത്തിന്റെ ഓരോ ഭാവങ്ങളും സമയമെടുത്ത് അവർ ആസ്വദിച്ചു. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് വാസ്തുവിദ്യാ മാതൃകകളും വിശദീകരിച്ചു നൽകി. താജ്മഹലിന്റെ നിർമിതിയെക്കുറിച്ച് അദ്ദേഹത്തിന് ഒട്ടേറെ സംശയം ഉണ്ടായിരുന്നു. പടിഞ്ഞാറ് ഭാഗത്തേക്ക് മുഖമായാണ് പള്ളി ഉണ്ടാവുക. അങ്ങനെയുള്ള പള്ളി കൂടാതെ കിഴക്ക് ഭാഗത്ത് മുഖമായി ഒരു പള്ളി എന്തു കൊണ്ടാണെന്നായിരുന്നു മുശർറഫിന്റെ ഒരു ചോദ്യം.
ആർക്കിടെക്ചറിൽ ഒരു ഭാഗത്ത് ഒരു സ്ട്രെക്ചർ ഉണ്ടെങ്കിൽ മറുഭാഗത്തും അതേ സ്ട്രെക്ചർ ഉണ്ടാവും. അത് കാഴ്ചയെ ബാലൻസ് ചെയ്യാൻ വേണ്ടി നിർമിച്ചതാണെന്ന മറുപടി നൽകി. ഉർദുവിലിതിന് ജവാബ് (മറുപടി ) എന്നാണ് പറയുന്നത്. പള്ളിക്ക് അഭിമുഖമായുള്ളത് െഗസ്റ്റ് ഹൗസാണെന്ന മറുപടി കേട്ടപ്പോൾ അദ്ദേഹം തൃപ്തനായി. താജ്മഹലിന്റെ ചെറിയ ഭാഗം പൊട്ടിയത് റിപ്പയർ ചെയ്തതാണെന്നും അത് കണ്ടെത്താൻ കഴിയുമോ എന്നു ചോദിച്ചപ്പോൾ ഏറെ ശ്രമിച്ചിട്ടും അവർക്കത് കണ്ടെത്താൻ കഴിഞ്ഞില്ല.
ഷാജഹാൻ നിർമിച്ചതാണെങ്കിലും താജ്മഹലിന്റെ ആർകിടെക്റ്റ് ഉസ്താദ് അഹ്മദ് ലാഹോറിയാണെന്ന് നൽകിയ അറിവ് അദ്ദേഹത്തിന് പുതിയതായിരുന്നു. താജ്മഹലിനെ കാണാൻ ഏറ്റവും ഭംഗിയാർന്ന സമയം ഏതെന്ന ചോദ്യം സത്യത്തിൽ ഏറെ കുഴക്കിയിരുന്നു. മൂന്നു ഗേറ്റിലൂടെയും നോക്കുമ്പോഴുള്ള ഒപ്ടിക്കൽ ഇല്യൂഷൻ വിശദീകരിച്ചു. സെൻട്രൽ കവാടത്തിൽ നിർത്തി എല്ലാം വിശദീകരിച്ചുകെടുത്തു.
എഴുതിവെച്ച ഖുർആനിലെ അശംസ്സ് അധ്യായത്തിലെ സൂക്തങ്ങളെ അടിസ്ഥാനമാക്കി പറഞ്ഞപ്പോൾ താൻ പലതവണ താജ്മഹൽ സന്ദർശിച്ചിട്ടുണ്ടെന്നും പക്ഷേ, ഖുർആൻ ആയത്തിനെ അടിസ്ഥാനമാക്കിയുള്ള വിശദീകരണം ആദ്യമായാണ് കേൾക്കുന്നതെന്നും മുശർറഫിന് സമീപത്തുണ്ടായിരുന്ന വിദേശകാര്യ സെക്രട്ടറി അബ്ദുൽ സത്താർ പറഞ്ഞു. പ്രഭാതത്തിലും നട്ടുച്ചക്കും സൂര്യാസ്തമയവേളയിലും മാറുന്ന താജ്മഹലിന്റെ ഭാവത്തെ ശരിയായിതന്നെ മനസ്സിലാക്കിക്കൊടുത്തു.
പെയ്യാൻ തൂങ്ങിനിൽക്കുന്ന മഴവേളയാണ് താജ്മഹലിന്റെ സൗന്ദര്യത്തിന്റെ പ്രകടഭാവമെന്നാണ് അവസാനം ഞാൻ മറുപടി പറഞ്ഞത്. താജ്മഹലിന്റെ ഫോട്ടോ ആൽബമാണ് അന്ന് സമ്മാനമായി അദ്ദേഹത്തിനും കുടുംബത്തിനും കൊടുത്തത്. പകരം തനിക്ക് സമ്മാനിച്ചത് വർണകമ്പളമാണ്. ഭാര്യ സേബ പിറ്റേന്ന് ആഗ്രകോട്ടയും ഫത്തേപുർ സിക്രിയും സന്ദർശിച്ചാണ് മടങ്ങിയത്.
(ലേഖകൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റീജനൽ ഡയറക്ടറായിരുന്നു)
തയാറാക്കിയത് :എ. ബിജുനാഥ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.