ബംഗളൂരു: ക്രിക്കറ്റ് താരം അർഷ്ദീപ് സിങ്ങിനെ ഓൺലൈനിൽ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് തനിക്കെതിരെ ബി.ജെ.പി നേതാവ് മഞ്ജീന്ദർ സിങ് സിർസ നൽകിയ പരാതിയെ പൊളിച്ചടുക്കി ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ.
ഞായറാഴ്ച ദുബൈയില്‍ നടന്ന ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താന്‍ ബാറ്ററായ ആസിഫ് അലി നല്‍കിയ ക്യാച്ച് അവസരം അര്‍ഷ്ദീപ് സിങ് പാഴാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ അര്‍ഷ്ദീപ് സിങ്ങിനെതിരെ സൈബര്‍ അറ്റാക്കും ട്രോളുകളും വ്യാപകമായത്. ഈ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സുബൈര്‍ ട്വീറ്റിട്ടു. അര്‍ഷ്ദീപ് സിങ്ങിനെതിരെ വിവിധ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വന്ന വിദ്വേഷ പ്രചരണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സുബൈറിന്റെ വിമർശനം.
എന്നാൽ, സുബൈർ എന്താണോ ഉദ്ദേശിച്ചത് അതിന് നേർവിപരീതമായ അർഥം നൽകിയാണ് ബി.ജെ.പി നേതാവ് പൊലീസിൽ പരാതി നൽകിയത്. സുബൈറിന്റെ ട്വീറ്റിനെ വളച്ചൊടിച്ച്, സിങ്ങിനെ അപകീർത്തിപ്പെടുത്തുന്ന ട്രോളുകൾ സുബൈർ പങ്കുവെച്ചു എന്ന രീതിയിലായിരുന്നു പരാതി. തനിക്കെതിരെ വന്ന ആരോപണങ്ങളിൽ വിശദമറുപടിയുമായാണ് സുബൈർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
സിഖുകാരെ അപകീർത്തിപ്പെടുത്താനും ഇന്ത്യയിൽ സിഖുകാർക്കെതിരെ വിദ്വേഷ പ്രചാരണം നടത്താനുമുള്ള പാക് ഗൂഢാലോചനയുടെ ഭാഗമായാണ് സുബൈർ ട്വിറ്ററിൽ പ്രചാരണം നടത്തുന്നത് എന്നായിരുന്നു ബി.ജെ.പി നേതാവ് സിർസ ഡൽഹി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞത്. അർഷ്ദീപിനെ 'ഖലിസ്ഥാനി' എന്ന് വിളിച്ചത് സുബൈറാണെന്നും അദ്ദേഹം പറഞ്ഞു.
ക്യാച്ച് വിട്ട് രണ്ട് മിനിറ്റിനുള്ളിൽ തന്നെ സുബൈർ അർഷ്ദീപിനെ ട്രോളുന്ന ട്വീറ്റുകളുടെ കൊളാഷ് ട്വീറ്റ് ചെയ്തുവെന്നായിരുന്നു സിർസയുടെ ആരോപണം. അർഷ്ദീപിനെതിരായ ട്വീറ്റുകളുടെ ലിങ്ക് പാകിസ്താനിലെ സിഖ് വിരുദ്ധ ട്വിറ്റർ ഹാൻഡിലുകൾ സുബൈറിന് വാട്ട്‌സ്ആപ്പ് വഴി അയച്ചുവെന്നും ഇത് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചുവെന്നുമാണ് സിർസ പറഞ്ഞത്.
എന്നാൽ, ഇത് തീർത്തും വസ്തുതാവിരുദ്ധമായ ആരോപണമാണെന്ന് സുബൈർ വ്യക്തമാക്കി. കളി നടന്ന സെപ്തംബർ നാലിന് രാത്രി 11 മണി കഴിഞ്ഞാണ് അർഷ്ദീപിന് ക്യാച്ച് മിസ്സായത്. രാത്രി 11:07 ന് ഇതേക്കുറിച്ച് ഇ.എസ്.പി.എൻ ക്രിക്കിൻഫോ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ അർഷ്ദീപിനെതിരെ ട്രോൾമഴ തുടങ്ങിയത്. ഈ ട്രോളുകളെ വിമർശിച്ച് സുബൈർ ട്വീറ്റ് പോസ്റ്റ് ചെയ്തതാവട്ടെ 12:05 നും. അതായത്, ക്യാച്ച് നഷ്ടമായ ശേഷം കുറഞ്ഞത് 58 മിനിറ്റും മത്സരം അവസാനിച്ച് 40 മിനിറ്റും കഴിഞ്ഞാണ് ട്വീറ്റ് ചെയ്തത്. സുബൈർ 12:05 നാണ് ട്വീറ്റ് പോസ്റ്റ് ചെയ്തതെന്ന കാര്യം സിർസ തന്നെ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുമുണ്ട്.
പിന്നെ എങ്ങനെയാണ് ഈ ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ട് "രണ്ട് മിനിറ്റിനുള്ളിൽ" താൻ ട്വീറ്റ് ചെയ്തുവെന്ന് ചാനൽ ചർച്ചകളിൽ അടക്കം സിർസ ആരോപിച്ചതെന്ന് സുബൈർ ചോദിക്കുന്നു. അത് ബോധപൂർവം വ്യാജം പ്രചരിപ്പിക്കാനുള്ള തന്ത്രമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അർഷ്ദീപിനെ ഖലിസ്ഥാനി എന്ന് വിളിച്ച് ട്വീറ്റുകൾ പോസ്റ്റ് ചെയ്യാൻ പാകിസ്താൻ നിയന്ത്രിത ട്വിറ്റർ ബോട്ടുകൾ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു സിർസയുടെ മറ്റൊരു ആരോപണം. എന്നാൽ, 60,000-ത്തിലധികം ഫോളോവേഴ്‌സ് ഉള്ള @MrSinha, 8,000-ലധികം ഫോളോവേഴ്‌സ് ഉള്ള @iam_shimorekato തുടങ്ങിയ അക്കൗണ്ടുകളിൽ നിന്നാണ് അർഷ്ദീപിനെ ഖലിസ്ഥാനി എന്നടക്കം വിളിച്ച് ആക്ഷേപിച്ചത്. ഇതിൽ @MrSinha എന്ന അക്കൗണ്ടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ട്വിറ്ററിൽ പിന്തുടരുന്നുണ്ട്. ഈ അക്കൗണ്ടുകളും ബോട്ടുകളാണോ എന്ന് സുബൈർ ചോദിച്ചു.
അർഷ്ദീപിനെ ട്രോളുകയും ഖലിസ്ഥാനി എന്ന് വിളിക്കുകയും ചെയ്ത മറ്റ് അക്കൗണ്ടുകളുടെ വിവരങ്ങളും സുബൈർ പോസ്റ്റ് ചെയ്തു. അവരിൽ പലരും പിന്നീട് തങ്ങളുഖെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്തു. ഡിലീറ്റിന് പിന്നിലെ കാരണം എന്താണെന്നും അദ്ദേഹം ചോദിക്കുന്നു. അർഷ്ദീപിനെ ഖലിസ്ഥാനി എന്ന് വിളിക്കുന്ന പല പ്രൊഫൈലുകളും ഇന്ത്യക്കാരാണെന്നും പാകിസ്താനികളല്ലെന്നും സുബൈറും സഹപ്രവർത്തകനായ അഭിഷേക് കുമാറും ആൾട്ട് ന്യൂസിൽ എഴുതിയ ലേഖനത്തിൽ തെളിവുസഹിതം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.