370-ാം അനുച്ഛേദം നാലോ അഞ്ചോ കുടുംബത്തിന്റെ അജണ്ട; റദ്ദാക്കിയപ്പോൾ കൂടുതൽ ഐക്യം അനുഭവപ്പെടുന്നു - മോദി

ന്യൂഡൽഹി: 370-ാം അനുച്ഛേദം കശ്മീർ ജനതയുടെയോ രാജ്യത്തിന്റെയോ താൽപര്യ പ്രകാരം ആയിരുന്നില്ല ഭരണഘടനയിൽ വന്നതെന്നും, നാലോ അഞ്ചോ കുടുംബത്തിന്റെ അജണ്ടയായിരുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അനുച്ഛേദം പിൻവലിച്ചതോടെ കശ്മീരിനോട് കൂടുതൽ അടുപ്പവും ഐക്യവും അനുഭവപ്പെടുന്നുണ്ട്. സ്വന്തം രാജ്യമാണെന്ന ബോധ്യം കശ്മീരി ജനതയ്ക്കും വന്നു. ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലെ ജനപങ്കാളിത്തത്തിലും ടൂറിസം രംഗത്തും കാണാനാവുന്നുണ്ടെന്നും മോദി പറഞ്ഞു.

“370-ാം അനുച്ഛേദം നാലോ അഞ്ചോ കുടുംബങ്ങളുടെ അജണ്ടയായിരുന്നു, കശ്മീരിലോ രാജ്യത്തെ മറ്റിടങ്ങളിലോ ഉള്ളവരുടെ താൽപര്യം പരിഗണിച്ചിട്ടില്ല. അവർക്ക് നേട്ടമുണ്ടാക്കാനായി അനുച്ഛേദം 370 എന്ന മതിൽ സൃഷ്ടിച്ചു. റദ്ദാക്കിയാൽ രാജ്യം കത്തുമെന്ന് പറഞ്ഞു പ്രചരിപ്പിച്ചു. ഇന്ന് ആ അനുച്ഛേദം റദ്ദാക്കിയപ്പോൾ കൂടുതൽ ഐക്യം അനുഭവപ്പെടുന്നു. സ്വന്തം രാജ്യമാണെന്ന ബോധ്യം കശ്മീരി ജനതയ്ക്കും വന്നിരിക്കുന്നു. അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലും ടൂറിസം രംഗത്തും കാണാനാവും” -മോദി പറഞ്ഞു.

ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് കശ്മീരിൽ നടന്ന പരിപാടിയിലേക്ക് വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ പ്രദേശവാസികൾ സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്ന് മോദി ചൂണ്ടിക്കാണിച്ചു. പോളിങ് ശതമാനം കൂടിയതിലൂടെ, രാജ്യത്തിന്റെ ഭരണഘടനയെ കശ്മീർ ജനത അംഗീകരിച്ചെന്നാണ് മനസിലാക്കുന്നതെന്ന് മോദി പറഞ്ഞു. അനുച്ഛേദം 370 റദ്ദാക്കിയതിനെ സംശയത്തോടെ നോക്കിയവർക്കുള്ള മറുപടി കൂടിയാണ് തെരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ്ങെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019 ഓഗസ്റ്റിലാണ് മോദി സർക്കാർ കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന അനുച്ഛേദം 370 റദ്ദാക്കിയത്.

അഞ്ച് ഘട്ടങ്ങളിലായാണ് ജമ്മു-കശ്മീരിൽ വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ 35 വർഷത്തിനിടെ, ഏറ്റവും വലിയ പോളിങ്ങാണ് കശ്മീരിൽ രേഖപ്പെടുത്തിയത്. 2019നെ അപേക്ഷിച്ച് 35 ശതമാനത്തിന്റെ അധിക പോളിങ് നടന്നതായും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. ഏപ്രിൽ 19ന് ഉദ്ധംപൂരിൽനടന്ന വോട്ടെടുപ്പിൽ 68 ശതമാനം പോളിങ് രേഖപ്പെടുത്തി. ജമ്മുവിൽ 72 ശതമാനവും ബരാമുല്ലയിൽ 59 ശതമാനവും അനന്ത്നാഗിൽ 54.6 ശതമാനവും വോട്ട് രേഖപ്പെടുത്തിയപ്പോൾ ശ്രീനഗറിലെ പോളിങ് 38.49 ശതമാനത്തിലൊതുങ്ങി. ശരാശരി പോളിങ് കണക്കാക്കിയിരിക്കുന്നത് 58.46 ആണ്.

Tags:    
News Summary - Article 370 Was Agenda Of Only Four-Five Families": PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.