ഹേമന്ത് സോറന്റെ ജാമ്യം: ഇ.ഡിയുടെ ഹരജി സുപ്രീംകോടതി 29ന് പരിഗണിക്കും

ന്യൂഡൽഹി: ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം നൽകിയതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്​ടറേറ്റ് നൽകിയ ഹരജി സുപ്രീംകോടതി ഈ മാസം 29ന് പരിഗണിക്കും. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് ഹൈകോടതിയാണ് കഴിഞ്ഞ മാസം 28ന് സോറന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥ് എന്നിവരാണ് ഇ.ഡിയുടെ ഹരജി പരിഗണിക്കുക.

സോറന് ജാമ്യം നൽകിയാൽ സമാനമായ കുറ്റം ആർക്കും ചെയ്യാമെന്ന അവസ്ഥ വരുമെന്നും എസ്.സി/എസ്.ടി പൊലീസ് സ്റ്റേഷനുകളിൽ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുമെന്നും ഇ.ഡിയുടെ അഭിഭാഷകൻ ഹൈകോടതിയിൽ വാദിച്ചിരുന്നു. എന്നാൽ സോറനെതിരെയുള്ള കേസ് കേന്ദ്ര ഏജൻസി കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. മുഖ്യമന്ത്രിയുടെ പദവി ദുരുപയോഗം ചെയ്ത് ഝാർഖണ്ഡ് തലസ്ഥാന നഗരിക്കടുത്ത് സോറൻ 8.86 ഏക്കർ ഭൂമി വാങ്ങിയെന്നാണ് ഇ.ഡിയുടെ ആരോപണം. ചോദ്യം ചെയ്യലിനിടെ സോറന്റെ മാധ്യമ ഉപദേഷ്ടാവ് അഭിഷേക് പ്രസാദ് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച ഔദ്യോഗിക രേഖകളിൽ കൃത്രിമത്വം നടന്നതായി സമ്മതിച്ചതായും ഇ.ഡി അവകാശപ്പെട്ടിരുന്നു. ഭൂമിയുടെ യഥാർഥ ഉടമയായ രാജ് കുമാർ പഹൻ തന്റെ ഭൂമി തട്ടിയെടുത്തുവെന്ന് കാണിച്ച് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഇ.ഡി ആരോപിച്ചു.

കേസിൽ ജനുവരി 31നാണ് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിനു പിന്നാലെ സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ജാമ്യം കിട്ടിയതോടെ ജൂലൈ നാലിന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. 

Tags:    
News Summary - SC to hear ED’s plea challenging bail to Hemant Soren on July 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.