ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെ തുടർന്ന് നരേന്ദ്ര മോദി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയി, ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി എന്നിവർ ചേർന്നെടുത്ത തീരുമാനം ദേശീയ നിർവാഹക സമിതി യോഗത്തിൽ തന്ത്രപൂർവം മോദി അട്ടിമറിച്ചുവെന്ന വെളിപ്പെടുത്തലുമായി മുൻമന്ത്രി അരുൺ ഷൂരി.
മോദി രാജിവെക്കുകതന്നെ വേണമെന്ന ഉറച്ച നിലപാടിലായിരുന്നു വാജ്പേയി. സംഭവങ്ങളിൽ അദ്ദേഹം വല്ലാതെ അസ്വസ്ഥനുമായിരുന്നു. എന്നാൽ, ആദ്യം മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൈപിടിച്ചു കൊണ്ടുവരുകയും ഗുജറാത്ത് കലാപ വേളയിൽ രാജധർമം ഉപദേശിക്കുകയും ചെയ്ത വാജ്പേയിയെ മോദി ധിക്കരിച്ചു നിന്നു. അഹ്മദാബാദിലെ അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ചു വന്ന വാജ്പേയി, മോദി രാജിവെക്കണമെന്ന താൽപര്യം അദ്വാനിയോടു പറഞ്ഞു. നേരത്തെ നിശ്ചയിച്ചതനുസരിച്ച് രണ്ടു മൂന്നു ദിവസത്തിനു ശേഷം സിംഗപ്പൂർ, കംേബാഡിയ എന്നിവിടങ്ങളിൽ സന്ദർശനത്തിനു പോയ വാജ്പേയി, യാത്രക്കിടയിൽ പലവട്ടം അദ്വാനിയേയും മറ്റും വിളിച്ചു. താൻ തിരിച്ചെത്തുന്നതിനു മുമ്പ് മോദി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, ഒന്നും സംഭവിച്ചില്ല.
തൊട്ടുപിന്നാലെയാണ് ഗോവയിൽ ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി യോഗം നടന്നത്. അങ്ങോട്ടുള്ള വിമാനയാത്രക്കിടയിലും വാജ്പേയി വിഷയം അദ്വാനിയോടും മറ്റും ആവർത്തിച്ചു. മോദി രാജിവെക്കണമെന്ന നിർദേശം നിർവാഹക സമിതി യോഗത്തിൽ അദ്വാനി തന്നെ മുന്നോട്ടുവെക്കണമെന്ന് തീരുമാനിച്ചു. നിർവാഹക സമിതി യോഗത്തിൽ വാജ്പേയിയുടെ താൽപര്യം അദ്വാനി പരസ്യപ്പെടുത്തി. എന്നാൽ, മോദി രാജിവെക്കാൻ പാടില്ലെന്ന് പല കോണുകളിൽനിന്ന് അഭിപ്രായം ഉയർന്നു. ആ യോഗത്തിൽ മോദി നടത്തിയ അട്ടിമറി നീക്കമായിരുന്നു അത്. രാജി ആവശ്യം ഉയർന്നാൽ, ശക്തമായി എതിർക്കാൻ പലരെയും മോദി ചട്ടംകെട്ടിയിരുന്നു.മോദി രാജിവെക്കണമെന്ന് നിർബന്ധം പിടിച്ചാൽ പാർട്ടിതന്നെ പിളരുമെന്നതായിരുന്നു സ്ഥിതി.
ബി.ജെ.പിയിലെ ഭൂരിപക്ഷം തനിക്കൊപ്പമില്ലെന്ന് വാജ്പേയി തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വാജ്പേയി ദിവസങ്ങൾക്കു മുമ്പു നടത്തിയ സിംഗപ്പൂർ, കംേബാഡിയ യാത്രയിലും ഗോവയിലേക്കുള്ള യാത്രയിലും നിർവാഹക സമിതി യോഗത്തിലും ഒപ്പമുണ്ടായിരുന്ന തനിക്ക് ചർച്ചകൾ പൂർണമായി അറിയാമെന്ന് അരുൺ ഷൂരി ചാനൽ അഭിമുഖത്തിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.