തന്റെ വീട്ടിൽ അത്താഴം കഴിക്കാൻ വരുമോയെന്ന് ഓട്ടോ ഡ്രൈവർ; കെജ്രിവാളിന്റെ മറുപടി ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

ഗാന്ധിന​ഗർ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ​ഗുജറാത്തിൽ പര്യടനത്തിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടുള്ള ഓട്ടോ ഡ്രൈവറുടെ ചോദ്യവും അതിന് കെജ്രിവാൾ നൽകിയ മറുപടിയും ചർച്ചയാക്കി സമൂഹ മാധ്യമങ്ങൾ. അഹമ്മദാബാദിലെ ഓട്ടോഡ്രൈവർമാരുടെ യോ​ഗത്തിലാണ് കെജ്രിവാളിനോട് ഓട്ടോ ഡ്രൈവറായ വിക്രം ലട്‍ലാനി തന്റെ വീട്ടിൽ അത്താഴം കഴിക്കാൻ വരുമോ എന്ന് ചോദിച്ചത്. "ഞാൻ അങ്ങയുടെ വലിയ ആരാധകനാണ്. പഞ്ചാബിൽ ഒരു ഓട്ടോഡ്രൈവറുടെ കുടുംബത്തിനൊപ്പം അങ്ങ് അത്താഴം കഴിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ കണ്ടിരുന്നു, എന്റെ വീട്ടിലും അത്താഴം കഴിക്കാൻ വരാമോ?" എന്നായിരുന്നു ചോദ്യം. ഉടൻ കെജ്രിവാളിന്റെ മറുപടിയെത്തി.

"തീർച്ചയായും വരും. ഞാൻ പഞ്ചാബിലെ ഓട്ടോഡ്രൈവർമാരുടെ വീടുകളിൽ പോയിരുന്നു. പഞ്ചാബിലേത് പോലെ ​ഗുജറാത്തിലെയും ഓട്ടോഡ്രൈവർമാർക്ക് എന്നോ‌ട് വലി‌യ സ്നേഹമാണ്. ഇന്ന് വൈകീട്ട് വരട്ടെ അത്താഴം കഴിക്കാൻ? എന്നോടൊപ്പം രണ്ട് പാർട്ടി പ്രവർത്തകരുമുണ്ടാവും". കെജ്രിവാൾ പറഞ്ഞു. ഹോട്ടലിൽനിന്ന് തന്നെ ഓട്ടോയിൽ വന്ന് കൂട്ടിക്കൊണ്ടുപോകുമോ എന്നും കെജ്രിവാൾ ചോദിച്ചു.

വൻ കൈയടിയോടെയാണ് യോ​ഗത്തിലുണ്ടായിരുന്നവർ ഇത് ഏറ്റെടുത്തത്. ​പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ​ഗുജറാത്തിൽ സ്വാധീനമുറപ്പിക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. സൗജന്യ വൈദ്യുതി, സൗജന്യ വിദ്യാഭ്യാസം, സ്ത്രീകൾക്കും തൊഴിൽരഹിതർക്കും അലവൻസ്, ​ഗുണനിലവാരമുള്ള ചികിത്സ സൗകര്യങ്ങൾ തുടങ്ങിയവയാണ് കെജ്രിവാൾ മുന്നോട്ടുവെക്കുന്ന വാ​ഗ്ദാനങ്ങൾ.  

Tags:    
News Summary - Arvind Kejriwal accepts a Dinner Invitation from an Autorickshaw Driver of Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.