പെഗസസ്​: ഇ.ഡിയിലെ രാജേശ്വർ സിങ്ങിന്‍റെയും പി.എം.ഒ, നിതി ആയോഗ്​ മുതിർന്ന ഉദ്യോഗസ്​ഥരുടെയും ഫോൺ ചോർത്തി

ന്യൂഡൽഹി: മുൻനിര രാഷ്​ട്രീയക്കാരുടെയും സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളുടെയും മുതിർന്ന ഉദ്യോഗസ്​ഥരുടെയും ഫോൺ ചോർത്തിയ പെഗസസ്​ ചാരവൃത്തി കേസ്​ പാർലമെന്‍റിനെ പിടിച്ചുലക്കുന്നതിനിടെ വീണ്ടും വെളിപ്പെടുത്തൽ. മുതിർന്ന എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്‍റെ സഹായി, പ്രധാനമന്ത്രിയുടെയും നിതി ആയോഗി​െലയും ഉദ്യോഗസ്​ഥർ എന്നിവരുടെ ഫോണും ചോർത്തിയെന്നാണ്​ ഏറ്റവും പുതിയ റിപ്പോർട്ട്​.

നിരവധി പ്രമുഖ കേസുകൾ അന്വേഷിച്ച മുതിർന്ന എൻഫോഴ്​സ്​മെന്‍റ്​ ഉദ്യോഗസ്​ഥൻ രാജേശ്വർ സിങ്ങാണ്​ അതിൽ പ്രമുഖൻ. രാജേശ്വർ സിങ്ങിന്‍റെ രണ്ട്​ നമ്പറുകൾക്ക്​ പുറമെ കുടുംബത്തിലെ മൂന്ന്​ സ്​ത്രീകളുടെ പേരിലുള്ള നാല്​ ഫോൺ നമ്പറുകളും ചോർത്തിയതായി 'ദ വയർ' റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. ഫ്രഞ്ച്​ ​സംഘമായ ഫോർബിഡൻ സ്​റ്റോറീസ്​ ആണ്​ പെഗസസ്​ ചാരവൃത്തിയുടെ കാണാവിവരങ്ങൾ പുറത്തുവിട്ടത്​.

അരവിന്ദ്​ കെജ്​രിവാളിന്‍റെ പേഴ്​സണൽ അസിസ്റ്റന്‍റായി പ്രവർത്തിച്ച മുൻ ഐ.എ.എസ്​ ഓഫീസർ വി.കെ ജെയ്​ൻ, പ്രധാനമന്ത്രിയുടെ ഓഫീസിലെയും നിതി ആയോഗിലെയും ഓരോ ഉദ്യോഗസ്​ഥൻ വീതം എന്നിവരും ചോർത്തപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്​ഥൻ 2017 മുതൽ പ്രധാനമന്ത്രിയുടെ യാത്രകളുടെ ചുമതല വഹിച്ചയാളാണ്​.

2009 മുതൽ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിൽ സേവനമനുഷഠിക്കുന്നുണ്ട്​ യു.പിയിൽനിന്നുള്ള ഉദ്യോഗസ്​ഥനായ രാജേശ്വർ സിങ്​. 2ജി സ്​പെക്​ട്രം കേസ്​, എയർസെൽ- മാക്​സിസ്​ കേസ്​, സഹാറ ഗ്രൂപ്​ കേസ്​, ആന്ധ്ര മുഖ്യമന്ത്രി ജഗൻ റെഡ്​ഡിയുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങിയവയെല്ലാം സിങ്ങിന്‍റെ മേൽനോട്ടത്തിലായിരുന്നു നടന്നത്​. 2017 അവസാനം മുതൽ 2019 പകുതിവരെ ഇദ്ദേഹത്തിന്‍റെ ഫോൺ ചോർത്തപ്പെട്ടതായാണ്​ ​സൂചന. ഭാര്യയുടെ ​പേരിലുള്ള രണ്ട്​ നമ്പറുകളും സഹോദരിമാരുടെ നമ്പറുകളും ചോർത്തപ്പെട്ടു. സഹോദരിമാരിൽ ഒരാൾ ഐ.എ.എസുകാരിയാണ്​.

കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ്​ വിദഗ്​ധൻ പ്രശാന്ത്​ കിഷോർ, രണ്ട്​ കേന്ദ്രമന്ത്രിമാർ, തൃണമൂൽ കോൺഗ്രസ്​ നേതാവ്​ അഭിഷേക്​ ബാനർജി, 40 ഓളം മാധ്യമ പ്രവർത്തകർ തുടങ്ങി നിരവധി പേരുടെ ഫോണുകൾ ചോർത്തിയ വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇസ്രായേലി ചാരക്കമ്പനിയായ എൻ.എസ്​.ഒക്കു കീഴി​െല പെഗസസ്​ വഴിയാണ്​ ഫോണുകൾ ചോർത്തിയത്​. 

Tags:    
News Summary - Arvind Kejriwal Aide, Enforcement Directorate Officer In New Pegasus List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.