കസ്റ്റഡിയിലിരിക്കെ കെജ്രിവാളിന്‍റെ ഉത്തരവ്: ഇ.ഡി അന്വേഷിക്കും; മന്ത്രി അതിഷിയെ ചോദ്യം ചെയ്തേക്കും

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലിരിക്കെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പുറത്തിറക്കിയ ഉത്തരവിൽ അന്വേഷണം നടത്തും. വിഷയത്തിൽ ഡൽഹി മന്ത്രി അതിഷി മർലേനയെ ഇ.ഡി ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്. ആരാണ് അതിഷിക്ക് കത്ത് നൽകിയതെന്നും എപ്പോഴാണ് നൽകിയതെന്നതിലും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.

ഡൽഹിയുടെ വിവിധ ഭാഗങ്ങളിലെ വെള്ളവും മലിനജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഉത്തരവാണ് കെജ്രിവാൾ പുറപ്പെടുവിച്ചത്. പൊതുജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ അടിയന്തരവും ഫലപ്രദവുമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു. മദ്യനയക്കേസിൽ വ്യാഴാഴ്ചയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. പേപ്പറിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട നിലയിലുള്ള കത്തായിരുന്നു ആം ആദ്മി പാർട്ടി പുറത്തുവിട്ടത്. ഡൽഹിയിൽ വെള്ളത്തിന്റെ ദൗർലഭ്യമുള്ളിടത്ത് ആവശ്യത്തിന് വാട്ടർ ടാങ്കറുകൾ എത്തിച്ച് പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് ഇ.ഡി കസ്റ്റഡിയിൽനിന്ന് നൽകിയ ഉത്തരവിൽ ജലമന്ത്രി അതിഷിയോട് കെജ്രിവാൾ ആവശ്യപ്പെട്ടു.

എന്നാൽ കെജ്രിവാൾ കസ്റ്റഡിയിലിരിക്കുന്ന മുറിയൽ കമ്പ്യൂട്ടറോ, പേപ്പറോ, അനുബന്ധ സാധനങ്ങളോയില്ലെന്ന് ഇ.ഡി വ്യക്തമാക്കി. അതിഷിക്ക് ആര് വഴിയാണ് കത്ത് ലഭിച്ചതെന്ന വിവരവും അന്വേഷിക്കും. ഇതിനായി സി.സി.ടി.വിയും പരിശോധിക്കും. ഭാര്യ സുനിത കെജ്രിവാളിനും പഴ്സണൽ സെക്രട്ടറി ബിഭവ് കുമാറിനും വൈകീട്ട് ആറിനും ഏഴിനും ഇടയിൽ അരമണിക്കൂർ കെജ്രിവാളിനെ സന്ദർശിക്കാൻ അനുമതി നൽകിയിരുന്നു. വക്കീലിനും അരമണിക്കൂർ സന്ദർശിക്കാൻ അനുമതിയുണ്ട്. ഇത്തരത്തിൽ സന്ദർശന സമയത്താണോ കത്തിൽ ഒപ്പിട്ടു നൽകിയതെന്നും ഇ.ഡി അന്വേഷിക്കും.

ഈമാസം 28 വരെ കെജ്രിവാളിനെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. അതിനിടെ, മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിനെ കസ്റ്റഡിയിലെടുക്കാൻ സി.ബി.ഐയും നീക്കമാരംഭിച്ചു. ഇ.ഡി കസ്റ്റഡി അവസാനിക്കുമ്പോൾ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇതേ കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ‘ഉന്നതരുടെ’ അറസ്റ്റുണ്ടാകുമെന്ന് സി.ബി.ഐയെ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Tags:    
News Summary - Arvind Kejriwal’s ‘note’ to Atishi from custody triggers ED probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.