ന്യൂഡൽഹി: അർവീന്ദർസിങ് ലവ്ലി പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ചത് ഡൽഹിയിൽ ആം ആദ്മി പാർട്ടി-കോൺഗ്രസ് സഖ്യത്തിന്റെ സാധ്യതകൾക്ക് മങ്ങലേൽപിച്ചു. കഴിഞ്ഞ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിലും മറ്റാർക്കും ഒരു സീറ്റുപോലും വിട്ടുകൊടുക്കാതെ ഏഴു സീറ്റും കൈയടക്കിയ ബി.ജെ.പിക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ് ഇത്തവണ ആപും കോൺഗ്രസും ചേർന്ന് സൃഷ്ടിച്ചത്. എന്നാൽ, രണ്ടു പാർട്ടികളുടെയും കൂട്ടായ പ്രവർത്തനത്തെക്കുറിച്ച വലിയ സംശയങ്ങൾക്ക് ഇടനൽകുകയാണ് ലവ്ലിയുടെ രാജി.
കോൺഗ്രസിനെ ഡൽഹിയിൽ എല്ലും തോലുമാക്കിയതിൽ വലിയ പങ്ക് വഹിച്ച ആം ആദ്മി പാർട്ടിയുമായി ഒരുവിധത്തിലും സന്ധി ചെയ്യരുതെന്ന് വാദിച്ചവർക്ക് ലവ്ലിയുടെ രാജി നൽകുന്നത് പുതിയ ആയുധമാണ്. മുൻമുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിത്, എ.ഐ.സി.സി ട്രഷറർ അജയ് മാക്കൻ തുടങ്ങി ഒരുവിഭാഗം നേതാക്കൾ ആപ് ബന്ധം പാടില്ലെന്ന് വാദിച്ചവരാണ്. മദ്യനയ കേസിൽപെട്ട ആപ്, നിലനിൽപിന്റെയും പിന്തുണയുടെയും വഴിയിൽ കണ്ടെത്തിയ പിടിവള്ളിയാണ് കോൺഗ്രസ് സഖ്യമെന്നാണ് അവരുടെ പക്ഷം. എന്നാൽ, അവരെ മെരുക്കി ഇൻഡ്യ മുന്നണിയുടെ വിശാല താൽപര്യമെന്ന നിലയിൽ സഖ്യം രൂപപ്പെടുത്താൻ കോൺഗ്രസ്-ആപ് നേതൃത്വത്തിന് കഴിഞ്ഞു.
ലവ്ലി രാജിവെച്ചതോടെ, രണ്ടു പാർട്ടികളുടെയും സംഘടന സംവിധാനം പരസ്പര സഹകരണത്തോടെ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമോ എന്ന സംശയമാണ് ശക്തമായത്. അടുത്ത കാലം വരെ പോരടിച്ചുനിന്നവർക്ക് അതത്രയും മറന്ന് തോളത്തു കൈയിടാൻ പ്രയാസമുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അർഹരായവരെ തഴഞ്ഞാണ് പലർക്കും സീറ്റ് നൽകിയതെന്ന വാദവും ഇതിനൊപ്പം ശക്തമായി. കനയ്യ കുമാറിന് സീറ്റ് നൽകിയതിനെയും മത്സരിക്കാനാഗ്രഹിച്ച ലവ്ലി ചോദ്യം ചെയ്തിട്ടുണ്ട്. മത്സരിക്കാൻ ആഗ്രഹിച്ചവരുടെ കൂട്ടത്തിൽ സന്ദീപ് ദീക്ഷിതിനെപ്പോലുള്ളവരുമുണ്ട്.
‘ദില്ലി കാ സർദാർ’ ആയി അറിയപ്പെടുന്ന ലവ്ലിയുടെ രാജി ഡൽഹിയിലെ വോട്ടുബാങ്കിൽ നിർണായകമായ സിഖ് സമുദായത്തെ സ്വാധീനിക്കും. ഇന്ദിരവധത്തിന്റെ കാലം മുതൽ കോൺഗ്രസിനോട് അകലം പാലിച്ചുപോന്ന സിഖ് സമുദായവുമായുള്ള പാലമായി കോൺഗ്രസ് അധ്യക്ഷനായ ലവ്ലി പ്രവർത്തിച്ചിരുന്നു. തിലക് നഗർ, ഹരിനഗർ, ലക്ഷ്മി നഗർ, ജങ്പുര തുടങ്ങി വിവിധ മേഖലകളിൽ സിഖുകാർക്ക് നിർണായക വോട്ടുണ്ട്. ഡൽഹി സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ഭാരവാഹികൾ അടക്കം ആയിരക്കണക്കിന് സിഖുകാർ അടുത്തിടെ മാത്രമാണ് ബി.ജെ.പിയിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.