തിരുവനന്തപുരം: മേയർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി ആര്യ രാജേന്ദ്രൻ. ബസ് ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു.
ഓവർടേക്കിങ്ങുമായി ബന്ധപ്പെട്ടല്ല തർക്കം. സ്ത്രീകളോട് മോശമായി പെരുമാറിയത് കൊണ്ടാണ് പരസ്യമായി പ്രതികരിച്ചത്. എം.എൽ.എ അസഭ്യം പറഞ്ഞൂവെന്നത് നുണയാണ്. പരാതിയിൽ ഉറച്ചുനിൽക്കുമെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.
മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെയാണ് കന്‍റോൺമെന്‍റ് കേസ്. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എൽ.എച്ചിനെതിരെ ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ പൊലീസ് കേസെടുത്തത്.
ശനിയാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം പാളയത്ത് വെച്ചാണ് സംഭവമുണ്ടാകുന്നത്. പട്ടം മുതൽ ബസും കാറും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ബസ് നിർത്തിയിട്ട സമയത്ത് മേയറുടെ വാഹനം കുറുകെ നിർത്തുകയും എന്താണ് സൈഡ് തരാത്തതെന്ന് ചോദിക്കുകയും ചെയ്തു. മേയറിനൊപ്പം ഭർത്താവ് സച്ചിൻ ദേവ് എംഎൽ.എയും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവറും മേയറും തമ്മിൽ തർക്കമുണ്ടാകുന്നത്.
ബസിന്‍റെ ട്രിപ്പ് മുടക്കി ഇന്നലെ രാത്രി തന്നെ പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് കന്‍റോൺമെന്‍റ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഡ്രൈവറിന് ജാമ്യം ലഭിച്ചത്. തന്നോട് മോശമായി പെരുമാറിയെന്നാണ് ആര്യ രാജേന്ദ്രന്‍റെ പരാതിയുള്ളത്.
എന്നാൽ, ഡ്രൈവറിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിട്ടില്ല. തന്നോട് മോശമായി പെരുമാറിയെന്നും കെ.എസ്.ആർ.ടി.സി ബസിന്‍റെ ട്രിപ്പ് മുടക്കുകയും വാഹനം ബസിന് കുറുകെ നിർത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഡ്രൈവർ പരാതി നൽകിയത്.
അതേസമയം, ഡ്രൈവറും മേയറും തമ്മിലുള്ള തർക്കത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏത് സർക്കാരാണെങ്കിലും കുഴപ്പമില്ലെന്നും ശമ്പളം തന്നിട്ട് വർത്തമാനം പറയൂവെന്നും ഡ്രൈവർ മേയറോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
''രാത്രി പത്ത് മണിയോടെ പട്ടത്ത് സിഗ്നൽ കഴിഞ്ഞ് യാത്രക്കാരെ ഇറക്കിയ ശേഷം മുന്നോട്ട് എടുക്കുമ്പോഴാണ് പിറകിൽ നിന്ന് വാഹനത്തിന്‍റെ ഹോൺ ശബ്ദം കേട്ടത്. ഓവർട്ടേക്ക് ചെയ്യാൻ സ്ഥലമില്ലാത്തത് കൊണ്ടായിരുന്നു കാർ ഹോണടിച്ചത്. പ്ലാമൂട് എത്തുന്നതിന് മുമ്പ് കാർ കടന്നു പോകാനായി ബസ് സൈഡിലേക്ക് മാറ്റി കൊടുത്തു. തുടർന്ന് കാർ ബസിന് മുമ്പിലേക്ക് കയറി ബ്രേക്കിടുകയും വേഗത കുറച്ച് തടസമുണ്ടാക്കുന്ന തരത്തിൽ മുന്നോട്ടു നീങ്ങുകയും ചെയ്തു. തുടർന്ന് വലതു വശത്ത് സ്ഥലമില്ലാത്തതിനാൽ ഇടതുവശത്ത് കൂടി ബസ് കാറിനെ മറികടന്നു. തുടർന്ന് പ്ലാമൂട് വൺവേയിൽ കൂടി ഇടതുവശം വഴി ബസിനെ മറികടക്കാൻ കാർ ശ്രമിച്ചെങ്കിലും സ്ഥലമില്ലായിരുന്നു. ഈ സമയത്ത് കാറിൽ നിന്ന് തുടരെ ഹോണടിക്കുകയും ലൈറ്റിട്ട് കാണിക്കുകയും ചെയ്തു.
പാളയത്ത് യാത്രക്കാരെ ഇറക്കി മുന്നോട്ടു പോയപ്പോഴാണ് ബസിനെ മറികടന്ന് കാർ കുറുകെ നിർത്തിയത്. രണ്ട് യുവാക്കൾ ഇറങ്ങിവന്ന് 'അച്ഛന്‍റെ വകയാണോ റോഡ്' എന്ന് ചോദിച്ചു. ഇതിന് മറുപടിയായി 'എന്‍റെ അച്ഛന്‍റെ വകയല്ല, നിങ്ങളുടെ അച്ഛന്‍റെ വകയാണോ' എന്ന് തിരികെ ചോദിച്ചു. മുണ്ടുടുത്ത ആൾ വന്നിട്ട് 'എം.എൽ.എയാണെന്നും നിനക്ക് എന്നെ അറിയാമോ' എന്നും ചോദിച്ചു. 'അറിയത്തില്ലെന്നും വാഹനം ഓടിക്കുമ്പോൾ മാന്യത വേണ്ടേ എന്നും' മറുപടി നൽകി. താങ്കളെ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തില്ലെന്നും മര്യാദക്കാണ് താൻ വാഹനം ഓടിച്ചതെന്നും കൂടി പറഞ്ഞു.
തുടർന്ന് ജീൻസും വൈറ്റ് ടോപ്പും ധരിച്ച യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാടോ' എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞു. നീ എന്താണ് ആംഗ്യം കാണിച്ചതെന്നും ചോദിച്ചു. ബസിന് മുമ്പിൽ കാർ സർക്കസ് കളിച്ചപ്പോഴാണ് എന്താണ് കാണിക്കുന്നതെന്ന് ആംഗ്യത്തിലൂടെ ചോദിച്ചത്. സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ യുവതി, മേയറാണെന്ന് സ്വയം പരിചയപ്പെടുത്തി. നിങ്ങൾ ആരായാലും എനിക്ക് ഒന്നുമില്ലെന്ന് മേയർക്ക് മറുപടി നൽകി.
പതിനഞ്ചോളം യാത്രക്കാരെ പാളയത്ത് ഇറക്കിവിട്ട ശേഷം മേയറുടെ ഭർത്താവ് ബസിൽ കയറി ഇരുന്നു. രണ്ട് യുവാക്കൾ ഡോർ വലിച്ചു തുറന്ന് ഡ്രൈവർ സീറ്റിൽ നിന്ന് പിടിച്ചിറക്കാൻ ശ്രമിച്ചു. പൊലീസ് വരാതെ പുറത്തിറങ്ങില്ലെന്ന് താൻ പറഞ്ഞു. ബസിന്‍റെ ട്രിപ്പ് മുടക്കിയാണ് എസ്.ഐ തന്നെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് എത്തി ട്രിപ്പ് പൂർത്തിയാക്കിയ ശേഷമെ തന്നെ കസ്റ്റഡിയിൽ എടുക്കാവൂ എന്നിരിക്കെ എസ്.ഐ ചെയ്തത് തെറ്റായ നടപടിയാണ്. നടുറോഡിൽ കിടന്ന ബസിൽ നിന്ന് പിടിച്ചിറക്കി വൈദ്യപരിശോധനക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയിൽ മദ്യം കഴിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
തന്‍റെ അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചും പറഞ്ഞു. കാറിലുള്ളവർ എം.എൽ.എയാണോ മേയറാണോ എന്ന് തനിക്കറിയില്ലായിരുന്നു. തന്നെ ജോലിയിൽ നിന്ന് പുറത്താക്കാൻ സാധ്യതയുണ്ട് -ഡ്രൈവർ യദു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.