മുംബൈ: എൻ.സി.ബി കസ്റ്റഡിയിലെടുത്ത സമയത്ത് രക്ഷിതാക്കളെയും മാനേജരെയും വിളിക്കാൻ ആര്യൻ ഖാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി കേസിലെ സാക്ഷികളിലൊരാളായ കെ.പി. ഗോസാവി. ഇന്ത്യ ടുഡേയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വഞ്ചനകേസിൽ ലുക്കൗട്ട് നോട്ടീസ് വന്നതിനെ തുടർന്ന് ഒളിവിൽ കഴിയുകയാണ് ഗോസാവി. അറസ്റ്റിലായ ദിവസം ആര്യൻ ഖാനോടൊപ്പം വിവാദ സെൽഫിയെടുത്തയാളാണ് കെ.പി. ഗോസാവി.
'അറസ്റ്റിലായ സമയത്ത് ആര്യൻ ഖാന്‍റെ കൈയിൽ ഫോൺ ഉണ്ടായിരുന്നില്ല. ആര്യൻ ഖാനാണ് തന്നോട് രക്ഷിതാക്കളേയും മാനേജരെയും വിളിക്കാൻ ആവശ്യപ്പെട്ടത്' -ഗോസാവി പറഞ്ഞു.
ഒക്ടോബർ ആറുവരെ താൻ മുംബൈയിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഫോൺ ഓഫ് ചെയ്യേണ്ടിവന്നു.
എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുമായി തനിക്ക് മുൻപരിചയമില്ല. ടി.വിയിൽ മാത്രമാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. എൻ.സി.ബിയുടെ കൂടെ മുമ്പ് ഒരു റെയ്ഡിലും പങ്കെടുത്തിട്ടില്ല. സാക്ഷിപ്രസ്താവന പൂർണമായും വായിച്ചുനോക്കിയ ശേഷമാണ് ഒപ്പിട്ടുനൽകിയത്. വെള്ളപ്പേപ്പറിൽ ഒപ്പിട്ടുവാങ്ങിയെന്ന് തന്‍റെ അംഗരക്ഷകനും കേസിലെ മറ്റൊരു സാക്ഷിയുമായ പ്രഭാകർ സെയിൽ പറഞ്ഞതിനെ കുറിച്ച് അറിയില്ല. ഒക്ടോബർ 11ന് ശേഷം പ്രഭാകറുമായി ബന്ധമില്ല.
തനിക്കെതിരെ വർഷങ്ങൾക്ക് മുമ്പുള്ള കേസാണ് പുണെ പൊലീസ് കുത്തിപ്പൊക്കി കൊണ്ടുവന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. എന്‍റെ ജീവിതം സുരക്ഷിതമല്ല. ജയിലിനകത്തു വെച്ചുപോലും കൊല്ലുമെന്ന ഭീഷണികളാണ് ലഭിക്കുന്നത് -ഗോസാവി പറഞ്ഞു.
ഒക്ടോബർ രണ്ടിന് മുംബൈ തീരത്ത് ആഡംബരക്കപ്പലിൽ റെയ്ഡ് നടക്കുമ്പോൾ എൻ.സി.ബിക്കൊപ്പം ഗോസാവിയും ഉണ്ടായിരുന്നു. സ്വകാര്യ ഡിറ്റക്ടീവാണ് താനെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. എൻ.സി.ബി ഇയാളെ സാക്ഷിയാക്കുകയും ചെയ്തു. പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
എന്നാൽ, ഷാരൂഖ് ഖാനിൽ നിന്ന് കോടികൾ തട്ടാനുള്ള നീക്കമാണ് ഗോസാവിയും എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയും നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം പ്രഭാകർ സെയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. മറ്റൊരാൾ വഴി ഗോസാവി ഷാരൂഖിന്‍റെ മാനേജരെ ബന്ധപ്പെട്ടതായും പ്രഭാകർ ആരോപിച്ചു. ആരോപണം സമീർ വാങ്കഡെ നിഷേധിച്ചിട്ടുണ്ടെങ്കിലും എൻ.സി.ബി ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന് തുടക്കമിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.