മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ക്ലീൻ ചിറ്റ്. കേസ് വിവാദമായതിനെ തുടർന്ന് പുനരന്വേഷണം നടത്തിയ നാഷനൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പ്രത്യേക അന്വേഷണ സംഘമാണ് ആര്യൻ ഉൾപ്പെടെ ആറുപേർക്ക് ക്ലീൻ ചിറ്റ് നൽകിയത്. കേസിൽ അറസ്റ്റിലായവരിൽ ശേഷിച്ച 14 പേർക്കെതിരെ പ്രത്യേക അന്വേഷണസംഘം വെള്ളിയാഴ്ച കുറ്റപത്രവും സമർപ്പിച്ചു.
ആര്യന്റെ കൈവശം മയക്കുമരുന്ന് ഉണ്ടായിരുന്നില്ലെന്നും ആര്യൻ ഉൾപ്പെടെ ആറുപേർക്കെതിരെ തെളിവുകളില്ലെന്നും പ്രത്യേക അന്വേഷണസംഘം തലവൻ സഞ്ജയ് കുമാർ സിങ് വാർത്തകുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞവർഷം ഒക്ടോബർ രണ്ടിന് രാത്രിയാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ എൻ.സി.ബി മുംബൈ മേധാവി സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ആര്യനിൽനിന്ന് മയക്കുമരുന്ന് കണ്ടെത്തിയിരുന്നില്ല. സുഹൃത്ത് അർബാസ് മർച്ചന്റിൽനിന്ന് കണ്ടെത്തിയ മയക്കുമരുന്ന് ആര്യനും ഉപയോഗിക്കാനുള്ളതാണെന്ന് എൻ.സി.ബി ആരോപിച്ചു. ആര്യന് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും ആരോപിക്കപ്പെട്ടു. വാട്സ്ആപ് ചാറ്റുകളാണ് തെളിവുകളായി നിരത്തിയത്.
ആര്യനെ കേസിൽനിന്ന് മോചിപ്പിക്കാൻ ഷാറൂഖ് ഖാനോട് പണം ആവശ്യപ്പെട്ടെന്ന് കേസിലെ സാക്ഷി വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. പിന്നീട് സമീർ വാങ്കഡെയെ പദവിയിൽനിന്ന് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.