ഷിംല: ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കണമെന്ന കോൺഗ്രസ് നിലപാട് തള്ളി ഹിമാചൽ പ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിങ്. താൻ ആർ.എസ്.എസ് വിരുദ്ധനാണെന്നും എന്നാൽ, രാമഭക്തനായ പിതാവ് വീർഭദ്ര സിങ്ങിനോടുള്ള കടമ നിറവേറ്റാൻ ചടങ്ങിൽ പങ്കെടുക്കുമെന്നും വിക്രമാദിത്യ വ്യക്തമാക്കി.
“ഞാൻ നേരത്തെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. രാഷ്ട്രീയക്കാരൻ എന്ന നിലയിലല്ല ഞാൻ അയോധ്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നത്. ശ്രീരാമഭക്തനായ അന്തരിച്ച വീർഭദ്ര സിങ്ങിന്റെ മകനായാണ് പങ്കെടുക്കുക. മകനെന്ന നിലയിൽ എന്റെ ധാർമിക കടമയാണത്. ഈ പുത്രധർമം ഞാൻ എങ്ങനെ നിരസിക്കും?" -ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്നു വിക്രമാദിത്യസിങ്ങിന്റെ പിതാവ് വീർഭദ്ര സിങ്. പാർട്ടി സംസ്ഥാന അധ്യക്ഷയാണ് മാതാവ് പ്രതിഭ സിങ്. രാമജന്മഭൂമി പ്രസ്ഥാനത്തിൽ പങ്കെടുത്തിരുന്ന പിതാവിനോടുള്ള ബഹുമാനം കൊണ്ടാണ് തനിക്ക് ക്ഷണം ലഭിച്ചതെന്നും തന്റെ നിലപാട് മുതിർന്ന പാർട്ടി നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ ആർ.എസ്.എസിന്റെയും വി.എച്ച്.പിയുടെയും ബി.ജെ.പിയുടെയും ഹിന്ദുത്വ രാഷ്ട്ര പ്രത്യയശാസ്ത്രത്തിനും അവരുടെ ധ്രുവീകരണ നയങ്ങൾക്കും എതിരാണ്. കോൺഗ്രസ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നയാളാണ്’ -വിക്രമാദിത്യ വ്യക്തമാക്കി.
അർപ്പണബോധമുള്ള ഒരു ഹിന്ദു എന്ന നിലയിൽ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ് എന്നായിരുന്നു ക്ഷണം ലഭിച്ചപ്പോൾ ഇദ്ദേഹത്തിന്റെ പ്രതികരണം. ഹിമാചൽ പ്രദേശിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ക്ഷണിക്കപ്പെട്ടവരിൽ ഒരാളാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും തന്റെ കുടുംബത്തിന് നൽകിയ ഈ ബഹുമതിക്ക് ആർഎസ്എസിനും വിഎച്ച്പിക്കും നന്ദി പറയുന്നുവെന്നും വിക്രമാദിത്യ പറഞ്ഞിരുന്നു.
മോദിയുടെ നേതൃത്വത്തിൽ ഈ മാസം 22ന് നടത്തുന്ന വിഗ്രഹപ്രതിഷ്ഠ ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസിന്‍റെ ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവരാണ് ക്ഷണം നിരസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.