മുംബൈ: ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ താൽകാലികമായി വിലക്കേർപ്പെടുത്തിയതോടെ പുതിയ മാർഗങ്ങൾ ആരായുകയാണ് ഉദ്ധവ് താക്കറെ പക്ഷം. യഥാർഥ ശിവസേന തങ്ങളാണെന്നാണ് ശിവസേന അവകാശപ്പെടുന്നത്. മുംബൈയിലെ അന്ധേരി ഈസ്ററിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നു പുതിയ ചിഹ്നങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ ശിവസേന അവതരിപ്പിക്കുന്നത്. അതോടൊപ്പം പാർട്ടിയുടെ പേര് മാറ്റുന്നതും പരിഗണനയിലുണ്ട്. ശിവസേന ബാലാസാഹിബ് താക്കറെ എന്നാണ് ആദ്യം പരിഗണിക്കുന്ന പേര്. ശിവസേന ഉദ്ധവ് ബാലാസാഹിബ് താക്കറെ എന്നാണ് രണ്ടാമത് പരിഗണനയിലുള്ള പേര്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷവും ഉദ്ധവ് താക്കറെ പക്ഷവും ചിഹ്നത്തിനും പാർട്ടിയുടെ പേരിനും വേണ്ടി അവകാശവാദം ഉയർത്തിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം മരവിപ്പിച്ചത്.ആരാണ് യഥാർഥ ശിവസേന എന്ന് തീരുമാനിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്നാവശ്യപ്പെട്ട് താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാൻ തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ചിഹ്നം മരവിപ്പിക്കാൻ കമ്മിഷൻ തീരുമാനിച്ചത്.
അതിനിടെ തെരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിച്ച നടപടിക്കെതിരെയും ഉദ്ധവ് വിഭാഗം നീക്കം തുടങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിന് എതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. ഭാവി നടപടി ചർച്ച ചെയ്യാൻ ഏക്നാഥ് ഷിൻഡെ വിഭാഗം ഇന്ന് യോഗം ചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.