കനയ്യകുമാറിന് ഉന്നത പദവി നൽകാനൊരുങ്ങി കോൺഗ്രസ്

ന്യൂഡല്‍ഹി: യുവനേതാവ് കനയ്യകുമാറിന് നേതൃനിരയില്‍ ഉയർന്ന ഉത്തരവാദിത്വം നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷ സ്ഥാനത്തേക്കോ ഡല്‍ഹി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കോ ആണ് കനയ്യകുമാറിനെ പരിഗണിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരമാണീ തീരുമാനം. ജെ.എൻ.യു വിദ്യാര്‍ഥി യൂണിയന്‍ അദ്ധ്യക്ഷനും സി.പി.ഐ നേതാവുമായിരുന്ന കനയ്യകുമാര്‍ 2021ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കനയ്യകുമാറിന്റെ ജന്മദേശമായ ബീഹാറില്‍ പാര്‍ട്ടി ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നതില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. തകര്‍ന്നുപോയ ഡല്‍ഹി കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരുവാന്‍ കേന്ദ്ര നേതൃത്വം നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അത്തരത്തിലൊരു പരീക്ഷണമാണ് കനയ്യകുമാറിനെ ഡല്‍ഹിയിലെത്തിച്ച് സംസ്ഥാന അധ്യക്ഷ പദവി നല്‍കാനുള്ള ആലോചന.

ഉത്തര്‍പ്രദേശില്‍ നിന്നെത്തി ഡല്‍ഹി മുഖ്യമന്ത്രിയായ ഷീല ദീക്ഷിതി​െൻറ ഉദാഹരണമാണ് കേന്ദ്ര നേതൃത്വം നേതാക്കളുടെ മുന്നില്‍ അവതരിക്കുന്നത്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷനായ, 42കാരന്‍ ബിവി ശ്രീനിവാസ് പദവിയില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കി. ഈ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ തേടുന്നത്. ദേശീയ ശ്രദ്ധ നേടിയ, 36കാരനായ കനയ്യകുമാര്‍ സ്ഥാനത്തേക്ക് വന്നാല്‍ സംഘടനക്ക് പുതിയൊരുണര്‍വ് സൃഷ്ടിക്കാന്‍ കഴിയുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.