ഹൈദരാബാദ്: വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഹൈദരാബാദ് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. തനിക്കെതിരെ രാഹുൽ നടത്തിയ വിമർശനത്തിന് മറുപടിയായാണ് ഹൈദരാബാദ് എം.പി കൂടിയായ ഉവൈസിയുടെ വെല്ലുവിളി.
'വയനാട്ടിൽ നിന്നല്ലാതെ ഹൈദരാബാദിൽ വന്ന് മത്സരിക്കാൻ രാഹുൽ ഗാന്ധിയെ ഞാൻ വെല്ലുവിളിക്കുകയാണ്. വൻ വാഗ്ദാനങ്ങൾ നൽകുന്നത് തുടർന്നുകൊണ്ട് രാഹുൽ എനിക്കെതിരെ മത്സരിക്കൂ. ഞാൻ തയാറാണ്. രാജ്യം കോൺഗ്രസ് ഭരിക്കുമ്പോഴാണ് ബാബരി മസ്ജിദ് തകർത്തത്' -ഹൈദരാബാദിൽ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഉവൈസി പറഞ്ഞു.
ഈ വർഷം അവസാനത്തോടെ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസും ഉവൈസിയുടെ പാർട്ടിയും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുന്നത്. ദേശീയതലത്തിൽ പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപവത്കരിച്ച ഇൻഡ്യ സഖ്യത്തിൽ ഉവൈസിയെ ക്ഷണിക്കുകയും ചെയ്തിരുന്നില്ല.
അസദുദ്ദീൻ ഉവൈസിയും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും മോദിയുടെ ഇഷ്ടക്കാരാണെന്നായിരുന്നു ദിവസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധിയുടെ വിമർശനം. പ്രതിപക്ഷ നേതാക്കന്മാരെല്ലാം കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുമ്പോൾ തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിനും എ.ഐ.എം.ഐ.എം നേതാക്കൾക്കുമെതിരെ ഒറ്റ കേസുമില്ലെന്നും പ്രധാനമന്ത്രി അവരെ പരിഗണിക്കുന്നത് സ്വന്തക്കാരായാണെന്നുമായിരുന്നു രാഹുലിന്‍റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.