കോൺഗ്രസിനെ നിലനിർത്തുന്നത് മുസ്‍ലിം വോട്ടർമാർ; രാഹുലിനെ വയനാട്ടിൽ രക്ഷിച്ചത് മുസ്‍ലിം ലീഗ് -ഓർമിപ്പിച്ച് ഉവൈസി

ഹൈദരാബാദ്: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. മുസ്‍ലിം സമുദായത്തിൽ നിന്നുള്ള വോട്ടർമാരാണ് കോൺഗ്രസിനെ നിലനിർത്തുന്നതെന്നും ഉവൈസി പറഞ്ഞു. ''ഞങ്ങൾ എങ്ങും പോയില്ല. അവർക്ക് അമേത്തി നഷ്ടമായി. ഞങ്ങൾ പോയിരുന്നുവെങ്കിൽ അവർ കരയുമായിരുന്നോ? ഞങ്ങൾ പോയില്ല. സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ തോൽപിച്ചു. സ്വന്തം മുതു മുത്തശ്ശന്റെയും മുത്തശ്ശിയുടെയും പിതാവിന്റെയും സീറ്റ് സംരക്ഷിക്കാൻ അവർക്ക് കഴിഞ്ഞില്ല.​''-ഉവൈസി പറഞ്ഞു.

1967 ലാണ് അമേത്തി ലോക്സഭ മണ്ഡലം രൂപീകൃതമായത്. വർഷങ്ങളോളം കോൺഗ്രസിന്റെ തട്ടകമായിരുന്നു അത്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവരെല്ലാം ഇവിടെ നിന്ന് മത്സരിച്ചു വിജയിച്ചു. രാഹുൽ ഗാന്ധി അമേത്തിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. അമേത്തി നഷ്ടമായപ്പോൾ വയനാട് ലോക്സഭ മണ്ഡലമാണ് രാഹുലിന് തുണയായത്. മുസ്‍ലിം വോട്ടർമാർ ഉള്ളതുകൊണ്ടാണ് വയനാട്ടിൽ രാഹുൽ രക്ഷപ്പെട്ടതെന്നും ഉവൈസി ചൂണ്ടിക്കാട്ടി. വയനാട്ടിലെ 35 ശതമാനം വോട്ടുകളും മുസ്‍ലിംലീഗിന്റെതാണ്. ഇതാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ യാഥാർഥ്യം. കോൺഗ്രസിന് ഒരു വോട്ടർ അവശേഷിക്കുന്നുണ്ടെങ്കിൽ അത് മുസ്ലീം വോട്ടുകളാണ്, അതുകൊണ്ടാണ് ന്യൂനപക്ഷ ശാക്തീകരണത്തിലും നേതൃത്വത്തിലും എ.ഐ.എം.ഐ.എമ്മിന്റെ ആശങ്ക കോൺഗ്രസിനെ അലട്ടുന്നത്.-​ഉവൈസി പറഞ്ഞു.

തെലങ്കാനയിൽ എ.ഐ.എം.ഐ.എം കെ. ചന്ദ്രശേഖരറാവുവിന്റെ ബി.ആർ.എസുമായും ബി.ജെ.പിയുമായും സഖ്യമുണ്ടാക്കിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

​''തെലങ്കാനയിൽ കോൺഗ്രസും ബി.ആർ.എസും തമ്മിലാണ് മത്സരം. ഇവിടെ ഞങ്ങൾ ബി.ജെ.പിയെ തോൽപിച്ചു. എന്നാൽ തെലങ്കാനയിൽ ബി.ആർ.എസ് വിജയിക്കണമെന്നാണ് ബി.ജെ.പി ആ​ഗ്രഹിച്ചത്. അവർ ഒരുമിച്ച് പ്രവർത്തിക്കുകയാണ്. എ.ഐ.എം.ഐ.എം പോലും അവരുമായി കൈകോർക്കുകയാണിപ്പോൾ.​''-എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.

Tags:    
News Summary - Asaduddin Owaisi claimed Rahul Gandhi won from Wayanad because the Muslim league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.