സചിൻ പൈലറ്റിന്‍റെ വിഡിയോ പങ്കുവെച്ച് ഗെഹ്ലോട്ട്

ജയ്പുർ: രാജസ്ഥാനിൽ ശനിയാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കേ, കോൺഗ്രസിലെ പ്രതിയോഗി സചിൻ പൈലറ്റിന്‍റെ വിഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. അഞ്ചു വർഷം മുമ്പ് അധികാരത്തിൽ വന്നപ്പോൾ, പഴയ ഗുജ്ജർ നേതാവ് രാജേഷ് പൈലറ്റിന്‍റെ മകനെ പാലിൽനിന്ന് ഈച്ചയെ എടുത്തു കളയുന്ന മാതിരി കോൺഗ്രസ് പുറന്തള്ളുകയായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് പിന്നാലെയാണിത്.

ഗെഹ്ലോട്ടും സചിനും തമ്മിൽ തല്ലിയത് കോൺഗ്രസിന്‍റെ സാധ്യതകളെ ബാധിച്ചുവെന്ന നിരീക്ഷണങ്ങൾകൂടി മുൻനിർത്തിയാണ് ഐക്യസൂചനയെന്നോണം സചിന്‍റെ വിഡിയോ ഗെഹ്ലോട്ട് പങ്കുവെച്ചത്.

കോൺഗ്രസിന് വോട്ടുചെയ്യാൻ ജനങ്ങളോട് അഭ്യർഥിക്കുന്നതാണ് 1.51 മിനിട്ടുള്ള വിഡിയോ സന്ദേശം. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമെന്ന പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സചിൻ പറഞ്ഞു. നൂറു കണക്കിന് പ്രചാരണ പരിപാടികൾ നടത്തിയെങ്കിലും ചില മേഖലകളിൽ എത്താനായില്ല. എല്ലാവരെയും ഒന്നിപ്പിച്ച് മുന്നോട്ടു പോകാനും സംസ്ഥാനത്തിന്‍റെ വികസന വേഗം നിലനിർത്താനും സഹായിക്കണം. പഴയതെല്ലാം മറന്ന് കോൺഗ്രസ് സ്ഥാനാർഥികളുടെ ജയത്തിന് വേണ്ടി കൈപ്പത്തി അടയാളത്തിൽ വോട്ടു കുത്തേണ്ടത് ആവശ്യമാണ്. തെരഞ്ഞെടുപ്പു ജയം കോൺഗ്രസുകാരുടെ ജയമാണ്. കോൺഗ്രസ് സർക്കാറിന്‍റെ പദ്ധതികൾ തടയാൻ ബി.ജെ.പിയെ അനുവദിച്ചു കൂടാ -സചിൻ പറഞ്ഞു.

തന്‍റെ പാർട്ടിയും ജനങ്ങളുമല്ലാതെ മറ്റാരും തന്നെക്കുറിച്ചോർത്ത് വ്യാകുലപ്പെടേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായപ്രകടനം വന്നതിനു പിന്നാലെ സചിൻ പൈലറ്റ് പ്രതികരിച്ചിരുന്നു. മോദിയുടെ പ്രസംഗം ജനശ്രദ്ധ തിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ashok Gehlot shares Sachin Pilot's video message after PM Modi's ‘infighting’ jab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.