ജയ്പൂർ: രാഷ്ട്രീയ എതിരാളിയായി മാറിയ സച്ചിൻ പൈലറ്റിനെതിരെ ആഞ്ഞടിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബി.ജെ.പിക്കൊപ്പം ചേർന്ന് രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനാണ് സച്ചിൻ പൈലറ്റ് ശ്രമിച്ചതെന്നും ചതിയനാണെന്നും എൻ.ഡി.ടി.വി.ക്കു നൽകിയ അഭിമുഖത്തിൽ ഗെഹ്ലോട്ട് ആരോപിച്ചു.
സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ മാധ്യമങ്ങളുടെ സൃഷ്ടിയാണ്.കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭിന്നിപ്പ് ഉണ്ടെന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നത്. എല്ലായിടത്തും കാണാം ഇത്തരമൊരു സമീപനം. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് തന്റെ പക്ഷത്തെ എം.എൽ.എമാർ നടത്തിയത് കലാപമല്ലെന്നും ഗെഹ്ലോട്ട് അവകാശപ്പെട്ടു.
സച്ചിൻ പൈലറ്റ് സർക്കാരിനെ മറിച്ചിടാനാണ് നോക്കിയത്. അതിൽ അമിത് ഷാക്കും പങ്കുണ്ട്. ധർമേന്ദ്ര പ്രധാനും ഇതിൽ ഭാഗവാക്കാണ്. എല്ലാവരും ഡൽഹിയിൽ യോഗം ചേർന്നിരുന്നു. ചിലർ 34 ദിവസം റിസോർട്ടിൽ കഴിഞ്ഞു. അതാണ് ഞങ്ങളുടെ എം.എൽ.എമാരെ രോഷാകുലരാക്കിയത്. പാർട്ടി പ്രസിഡന്റ് പ്രതിപക്ഷത്തിന് ഒപ്പം നിന്ന് സർക്കാരിനെ അട്ടിമറിക്കാൻ ഇറങ്ങുന്ന നടപടി അസാധാരണമാണെന്ന് അവർ പറഞ്ഞു. ചരിത്രത്തിൽ ആദ്യമാണ് ഇങ്ങനെയൊരു സംഭവം. ആ സമയത്ത് സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രി കൂടിയായിരുന്നു. സോണിയ ഗാന്ധിയെ ബഹുമാനിക്കുന്നവരാണ് ഞങ്ങളുടെ എം.എൽ.എമാർ. ജനങ്ങൾ 34 ദിവസമാണ് സഹിച്ചത്. ഞങ്ങൾ രാജ്ഭവനിൽ പ്രതിഷേധം നടത്തി. സർക്കാരിനെ സംരക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു.
സച്ചിൻ പൈലറ്റ് പാർട്ടിയെ വഞ്ചിച്ചു. ചതിയനാണയാൾ. അങ്ങനെയൊരാൾ പിന്നെ എങ്ങനെ ജനങ്ങൾക്ക് സ്വീകാര്യനാകും. സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി 10 കോടി വീതമാണ് നൽകിയത്. എന്റെ കൈയിൽ എല്ലാ തെളിവും ഉണ്ട്. ചിലർക്ക് അഞ്ചു കോടി കിട്ടി, ചിലർക്ക് 10ഉം. ഇങ്ങനെ കലാപം നടത്തിയ ഹൈക്കമാൻഡിനും ജനങ്ങൾക്കും മുന്നിൽ പൈലറ്റ് മാപ്പ് പറയണം എന്നായിരുന്നു എം.എൽ.എമാരുടെ ആവശ്യം. എന്നാൽ നാളിതുവരെ അങ്ങനെയൊന്നുണ്ടായില്ല. പൈലറ്റ് മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ ഉള്ളൂ-ഗെഹ്ലോട്ട് വ്യക്തമാക്കി.
പാർട്ടിയിലെ 90 പേർ സർക്കാരിനെ സംരക്ഷിക്കാനാണ് നിലകൊണ്ടത്. അവരില്ലാതെ സർക്കാർ മുന്നോട്ട് കൊണ്ടുപോകാനാവില്ല. അവരെല്ലാം ഹൈക്കമാൻഡിന്റെ വിശ്വസ്തരാണ്. ഹൈക്കമാൻഡിന്റെ പിന്തുണയില്ലാരെ ഒരു മുഖ്യമന്ത്രിക്കും സർക്കാർ മുന്നോട്ട് കൊണ്ടുപോകാനാവില്ല. ഹൈക്കമാൻഡ് അനുഗ്രഹിച്ചാൽ ജനങ്ങളുടെ പിന്തുണയും ലഭിക്കും. ഈ എം.എൽ.എമാർ തന്റെ വിശ്വസ്തരാണെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്നും ഗെഹ്ലോട് പറഞ്ഞു.
അഞ്ചുതവണ എം.പിയായ വ്യക്തിയാണ് ഞാൻ. മൂന്ന് വർഷം കേന്ദ്രമന്ത്രിയായിരുന്നു. മൂന്നുതവണ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും പി.സി.സി പ്രസിഡന്റുമായിട്ടുണ്ട്. മൂന്നുതവണ മുഖ്യമന്ത്രിയും. കലാപമുണ്ടാക്കിയത് തനിക്ക് വേണ്ടിയായിരുന്നുവെന്ന് ഒരു എം.എൽ.എ എങ്കിലും പറഞ്ഞാൽ സംസ്ഥാനം വിട്ടുപോകാൻ തയാറാണ്.
സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന് വാർത്ത പരന്നപ്പോഴാണ് അവർ രോഷാകുലരായത്. അദ്ദേഹം അങ്ങനെ തന്നെയാണ് പെരുമാറിയത്. ജനങ്ങളും കരുതി സച്ചിൻ മുഖ്യമന്ത്രിയാകാൻ പോവുകയാണെന്ന്. ഇങ്ങനെയൊരു പ്രചാരണമുണ്ടായപ്പോഴാണ് എം.എൽ.എമാർ ഒന്നിച്ചുനിന്നത്. സച്ചിൻ പൈലറ്റ് 19 എം.എൽ.എമാരുമായി ഡൽഹിക്കടുത്ത് ഫൈവ് സ്റ്റാർ റിസോർട്ടിൽ ക്യാംപ് ചെയ്താണ് കാര്യങ്ങൾ ആസൂത്രണം ചെയ്തത്. ഒന്നുകിൽ മുഖ്യമന്ത്രിയാക്കുക അല്ലെങ്കിൽ പാർട്ടിക്കു പുറത്തേക്കുപോകും. ഇതായിരുന്നു വെല്ലുവിളി. പിന്നീട് പൈലറ്റ് പക്ഷത്തുനിന്ന് എം.എൽ.എമാർ വിട്ടു. 100ൽ അധികം എം.എൽ.എമാരുമായി ഗെലോട്ട് പക്ഷവും കരുത്തു കാട്ടി. പിന്നാലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവിയും സച്ചിന് നഷ്ടമായി-ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.