ജയ്പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാത്തത് ബി.ജെ.പിയിൽ അച്ചടക്കമില്ലാത്തതിനാലാണെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബി.ജെ.പി മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിനാൽ സുഖ്ദേവ് സിങ് ഗോഗമേദിയുടെ കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നതിനോട് എതിർപ്പില്ലെന്ന് വ്യക്തമാക്കുന്ന രേഖയിൽ തനിക്ക് ഒപ്പിടേണ്ടിവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
"കോൺഗ്രസാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകിയതെങ്കിൽ ബി.ജെ.പി ബഹളമുണ്ടാക്കുമായിരുന്നു. അവർ മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിനാൽ സുഖ്ദേവ് സിങ് ഗോഗമേദിയുടെ കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നതിനോട് എതിർപ്പില്ലെന്ന് വ്യക്തമാക്കുന്ന രേഖയിൽ എനിക്ക് ഒപ്പിടേണ്ടിവന്നു. ഏഴ് ദിവസമായിട്ടും ബി.ജെ.പിക്ക് മുഖ്യമന്ത്രിയെ തീരുമാനിക്കാനായിട്ടില്ല. വേഗത്തിൽ തീരുമാനമെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു" - അശോക് ഗെഹ്ലോട്ട് പറഞ്ഞു.
ബി.ജെ.പിയിൽ അച്ചടക്കമില്ലെന്നും അതുകൊണ്ടാണ് മൂന്നിടത്തും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്തത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസാണ് ഇത് ചെയ്തതെങ്കിൽ അവർ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കൾ തമ്മിൽ മൽസരം മുറുകിയ സാഹചര്യത്തിൽ ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ ആർക്ക് എന്നറിഞ്ഞ് പ്രശ്നം ഒത്തു തീർക്കാൻ ബി.ജെ.പി മൂന്ന് സംസ്ഥാനങ്ങളിലേക്കും നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, രാജ്യസഭാ എം.പി സരോജ് പാണ്ഡെ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരെയാണ് നിരീക്ഷകരായി നിയോഗിച്ചത്.
ഫലം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കാത്തതിൽ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും രംഗത്തെത്തിയിരുന്നു. ഫലപ്രഖ്യാപനത്തിന് ഒരു ദിവസത്തിന് ശേഷം തന്നെ തെലങ്കാന മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ മാധ്യമങ്ങളും മറ്റുള്ളവരും കോൺഗ്രസിനെ വിമർശിച്ചിരുന്നു. എന്നാൽ ബി.ജെ.പിയുടെ വൈകലിൽ ആർക്കും പരാതിയില്ലെന്നും കാലതാമസത്തിന് പിന്നിലെ കാരണമെന്താണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.