രക്തത്തിനായി മുറവിളിക്കുകയല്ല പാർലമെന്‍റിന്‍റെ ചുമതല -ശശി തരൂർ

ന്യൂഡൽഹി: ഹൈദരാബാദിൽ ബലാത്സംഗക്കേസ് പ്രതികളെ പൊലീസ് ഏറ്റുമുട്ടലിൽ വെടിവെച്ചുകൊന്ന സംഭവത്തെ പാർലമെന്‍റിൽ നിരവധി എം.പിമാർ അഭിനന്ദിച്ച സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് എം.പി ശശി തരൂർ. രക്തത്തിനായി മുറവിളിക്കുകയല്ല പാർലമെന്‍റിന്‍റെ ചുമതലയെന്ന് ഇന്ത്യൻ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ തരൂർ പറഞ്ഞു.

നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടവരാണ് ജനപ്രതിനിധികൾ. അതിക്രൂരമായ കുറ്റകൃത്യങ്ങളിൽ എത്രയും വേഗം നീതി ലഭ്യമാക്കണമെന്ന ആവശ്യം എല്ലാവർക്കുമുണ്ടാകും. എന്നാൽ, നീതി നിർവഹണം നിയമസംവിധാനത്തിലൂടെ തന്നെയാവണം. ഹൈദരാബാദിൽ നടന്നതിന്‍റെ വിശദാംശങ്ങൾ വ്യക്തമല്ല. പ്രതികൾ പൊലീസിനെ ആക്രമിച്ചപ്പോൾ പൊലീസ് തിരിച്ചടിച്ചതാണ് യഥാർഥത്തിൽ സംഭവിച്ചതെങ്കിൽ ന്യായീകരിക്കാവുന്നതാണ്. അതേസമയം തന്നെ, ഏത് കുറ്റകൃത്യവും ശിക്ഷിക്കപ്പെടേണ്ടത് നീതിന്യായ പ്രക്രിയയിലൂടെ കടന്നുപോയ ശേഷമാണ്.

2012ലെ ഡൽഹി നിർഭയ സംഭവത്തിന് ശേഷം ബലാത്സംഗത്തിനെതിരെ ശക്തമായ നിയമങ്ങൾ നമുക്കുണ്ട്. നിർഭാഗ്യവശാൽ, നിയമങ്ങൾ കൊണ്ട് അതിക്രമങ്ങളെ നമുക്ക് തടയാനാവുന്നില്ല. സമഗ്രമായ നടപടികളാണ് ഇക്കാര്യത്തിൽ വേണ്ടത്. ഗൗരവകരമായ ലിംഗസമത്വ ധാരണ നമുക്ക് വേണ്ടതുണ്ട്. അമ്മയും ദൈവങ്ങളും മാത്രമല്ല ബഹുമാനിക്കപ്പെടേണ്ടതെന്ന് നമ്മുടെ ആൺകുട്ടികളെ പഠിപ്പിക്കണം.

നിയമസംവിധാനത്തിലെ വേഗതക്കുറവിനെയും വീഴ്ചകളെയും പലരും പഴിക്കുന്നുണ്ട്. ഉന്നാവോ, ഹൈദാരാബാദ്, കഠ് വ തുടങ്ങിയ കടുത്ത അതിക്രമങ്ങൾ നടക്കുമ്പോൾ പ്രതികളുടെ രക്തത്തിനായി ആക്രോശമുയരാറുണ്ട്. എന്നാൽ, ഇത്തരത്തിൽ ശബ്ദമുയർത്തുക പാർലമെന്‍റിന്‍റെ ചുമതലയാണെന്ന് കരുതുന്നില്ല. നീതിന്യായ വ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്ത് നിയമവ്യവസ്ഥയെ മറികടന്നുള്ള നടപടികൾ നല്ലതല്ലെന്നാണ് താൻ കരുതുന്നത് -ശശി തരൂർ പറഞ്ഞു.

Tags:    
News Summary - Asking for blood not function of Parliament -shashi tharur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.