ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കും വിദേശികൾക്കും സമ്പൂർണ വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിക്കെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈകോടതി. ഇതൊരു രാജ്യമാണോ അതോ മതത്താൽ വിഭജിക്കപ്പെട്ടതാണോയെന്ന് രൂക്ഷമായ ഭാഷയിലാണ് കോടതി ചോദിച്ചത്.
തിരുച്ചിറപ്പിള്ളി സ്വദേശി രംഗരാജനനാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. അഹിന്ദുക്കളും വിദേശികളും സന്ദർശിക്കുന്നത് ക്ഷേത്രത്തിന്‍റെ പവിത്രത നഷ്ടപ്പെടുത്തുമെന്നായിരുന്നു ഹരജിക്കാരന്‍റെ പരാതി. ക്ഷേത്രങ്ങളിൽ കർശനമായ ഡ്രസ് കോഡ് ഏർപ്പെടുത്തണമെന്നും ഹിന്ദുക്കൾ ക്ഷേത്ര സന്ദർശനത്തിനെത്തുമ്പോൾ തങ്ങളുടെ മതം വ്യക്തമാക്കുന്ന ചുരിദാർ, മുണ്ട്, ചന്ദനം, സിന്ദൂരം, സാരി പോലുള്ളവ ഉപയോഗിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
ഹരജിക്ക് പിന്നിലെ ഉദ്ദ്യേശശുദ്ധിയെ ചോദ്യം ചെയ്ത ചീഫ് ജസ്റ്റിസ് മുനീശ്വർ നാഥ് ഭണ്ഡാരി പറഞ്ഞു. ചിലർ ഹിജാബിനായി പോകുന്നു, ചിലർ ധോത്തിക്കായി പോകുന്നു. ഇവിടെ രാജ്യമാണോ മതമാണോ പരമപ്രധാനമെന്നും കോടതി സമീപകാലങ്ങളിൽ നടന്ന സംഭവങ്ങളെ ഉദ്ധരിച്ചു കൊണ്ട് ചോദിച്ചു.
ഏത് നിയമമാണ് ഇത്തരം വസ്ത്രധാരണ രീതികൾ നിർദ്ദേശിക്കുന്നതെന്നും തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് വ്യത്യസ്തമായി തമിഴ്നാട്ടിലെ ക്ഷേത്രങ്ങൾക്ക് പ്രത്യേക വസ്ത്രധാരണരീതികൾ ആവശ്യമില്ലെന്നും വിഷയത്തിൽ കോടതി പറഞ്ഞു.
ക്ഷേത്രത്തിനുള്ളിൽ വിശ്വാസികൾ ജീൻസ് ധരിക്കാൻ പാടില്ലെന്ന സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് 2016ൽ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. അഹിന്ദുക്കൾക്ക് ക്ഷേത്രത്തിലെ കൊടിമരം വരെ പ്രവേശനാനുമതിയും കോടതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.