ഗുവാഹതി: പട്ടിണി ഇല്ലാതാക്കാൻ സംസ്ഥാനത്തെ മുസ്ലിം ന്യൂനപക്ഷം ജനസംഖ്യ നിയന്ത്രണത്തിനുള്ള 'മാന്യമായ കുടുംബാസൂത്രണ നയം' സ്വീകരിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ദ ബിശ്വ ശർമ. ന്യൂനപക്ഷ സമുദായത്തിലെ എല്ലാവരും സർക്കാറിെന ഇക്കാര്യത്തിൽ പിന്തുണക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനസംഖ്യ നിയന്ത്രണത്തിന് മുസ്ലിം സമുദായവുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. പട്ടിണി, ഭൂമി കൈയേറ്റം ഉൾപ്പെടെയുള്ളവയുടെ അടിസ്ഥാന കാരണം അനിയന്ത്രിതമായ ജനസംഖ്യ വർധനയാണ്. മുസ്ലിം സമുദായം മാന്യമായ കുടുംബാസൂത്രണ നയം സ്വീകരിക്കാൻ തയാറായാൽ അസമിലെ ഒട്ടേറെ സാമൂഹിക പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ കഴിയും. അസമിലെ പുതിയ ബി.ജെ.പി സർക്കാർ ഒരുമാസം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഹിമാന്ദ.
മുസ്ലിം സമുദായത്തിൽ ജനസംഖ്യ നിയന്ത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഓൾ അസം മൈനോറിറ്റി സ്റ്റുഡൻറ്സ് യൂനിയൻ (എ.എ.എം.എസ്.യു), പ്രതിപക്ഷ പാർട്ടിയായ ഓൾ ഇന്ത്യ യുനൈറ്റഡ് െഡമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) എന്നിവയോട് മുഖ്യമന്ത്രി അഭ്യർഥിച്ചു. മുസ്ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാൻ സമുദായത്തിെൻറ പിന്തുണ ആവശ്യമാണ്. നിങ്ങളുടെ ജനസംഖ്യ നിയന്ത്രിക്കാതെ പട്ടിണി നിയന്ത്രിക്കാനാവില്ല. ഇക്കാര്യത്തിൽ സർക്കാർ നിലപാട് മുസ്ലിംകൾ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഹിമാന്ദ പറഞ്ഞു.
2017ൽ ജനസംഖ്യ, സ്ത്രീശാക്തീകരണ നയം അസം നിയമസഭ പാസാക്കിയിരുന്നു. രണ്ടിലധികം കുട്ടികളുള്ളവരെ സർക്കാർ ജോലി നേടുന്നതിൽനിന്നും തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിൽനിന്നും വിലക്കുന്ന നയം ഇതുവരെ നടപ്പാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.