ദിസ്പൂർ: അസമിലെ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ രണ്ട് കുട്ടികളടക്കം ആറ്പേർകൂടി മരണപ്പെട്ടതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ എണ്ണം 24 ആയി ഉയർന്നു. അസമിൽ 22 ജില്ലകളിലായി 7.2 ലക്ഷത്തോളം പേർ ദുരിതത്തിലാണെന്ന് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി പറഞ്ഞു.
അസമിലെ നാഗോണിലാണ് വെള്ളപ്പൊക്കം കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിയത്. ഇവിടെ 3.46 ലക്ഷത്തോളം പേർ വെള്ളപ്പൊക്കം കാരണം ബുദ്ധിമുട്ടിലാണ്. ശേഷം കച്ചാറിലും ഹോജായിലും യഥാക്രമം 2.29 ലക്ഷം പേരും 58,300 ലധികം പേർ ദുരിതത്തിലാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 2,095 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും 95,473.51 ഹെക്ടർ കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
ബ്രഹ്മപുത്രയുടെ പോഷകനദികളായ ധരംതുൽ, കാംപൂർ ഉൾപ്പടെ സംസ്ഥാനത്തെ മിക്ക നദികളിലും ഉയർന്ന ജലനിരപ്പാണ് രേഖപ്പെടുത്തുന്നത്. അതേ സമയം അസമിലെ ദേശീയപാതകൾ പുനർനിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ എൻ.എച്ച്.എ.ഐ ചെയർപേഴ്സൺ അൽക്ക ഉപാധ്യായയുമായി ചർച്ച നടത്തിയതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും തകർന്ന ദേശീയ പാതകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനെക്കുറിച്ച് ചർച്ചയിൽ താന്‍ ഊന്നൽ നൽകിയതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.