ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കം ബാധിച്ചത് എട്ടു ലക്ഷം പേരെ. ജമുനമുഖ് ജില്ലയിലെ രണ്ട് ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതോടെ 500 കുടുംബങ്ങൾ താമസം റെയിൽവേ ട്രാക്കുകളിലേക്ക് മാറ്റി. ഇൗ ഗ്രാമങ്ങളിൽ ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ ട്രാക്ക് മാത്രമാണ് വെള്ളം കയറാത്തതായി ഉള്ളത്.
വെള്ളപ്പൊക്കം മൂലം എല്ലാം നഷ്ടപ്പെട്ടതോടെ ചങ്ജുരായ്, പാട്യ പതാർ ഗ്രാമങ്ങളിൽ നിന്ന് മുഴുവൻ ജനങ്ങളും പാലായനം ചെയ്തു. താർപൊളിൻ ഷീറ്റുകൊണ്ട് മറച്ച ദുരിതാശ്വാസ ക്യാമ്പുകളിലാണ് പലരും കഴിയുന്നത്. ജില്ല ഭരണകൂടത്തിന്റെയോ സംസ്ഥാന സർക്കാറിന്റെയോ ഒരു സഹായവും അഞ്ചു ദിവസമായി ലഭിച്ചിട്ടില്ലെന്ന് ക്യാമ്പുകളിൽ കഴിയുന്നവർ പറഞ്ഞു.
ഒരു താർപൊളിൻ ഷീറ്റിനു കീഴെ നാലും അഞ്ചും കുടുംബങ്ങളാണ് ശരിയാംവിധം ഭക്ഷണംപോലുമില്ലാതെ കഴിയുന്നത്. മൂന്ന് ദിവസമായി തുറന്ന ആകാശത്തിനു കീഴിലാണ് കഴിയുന്നത്. പിന്നീട് പണം കടംവാങ്ങിയാണ് താർപൊളിൻ ഷീറ്റ് വാങ്ങിയത്. അതിനു കീഴിലാണ് അഞ്ചു കുടുംബങ്ങൾ കഴിയുന്നതെന്നും മുൻവാര ബീഗം എൻ.ഡി.ടി.വിയോട് പറഞ്ഞു.
ശുദ്ധമായ കുടിവെള്ളം കിട്ടാനില്ല. ദിവസത്തിൽ ഒരിക്കൽ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി കുറച്ച് അരി മാത്രമാണ് ലഭിക്കുന്നതെന്നും ക്യാമ്പിലെ അന്തേവാസികൾ പറയുന്നു.
അസമിലെ വെള്ളപ്പൊക്ക ദുരിതം രൂക്ഷമായി തന്നെ തുടരുകയാണ്. 29 ജില്ലകളിലെ 2585 ഗ്രാമങ്ങളിലായി എട്ടുലക്ഷം പേരെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്. വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും മൂലം 14 പേർ മരിച്ചു. 343 ദുരിതാശ്വാസ ക്യാമ്പുകളിലായി 86772 പേർ കഴിയുന്നു. സൈന്യവും അർധ സൈനിക വിഭാഗങ്ങളും ദുരന്ത നിവാരണ ദംഘങ്ങളും രക്ഷാ പ്രവർത്തനം തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.