ഗുവാഹതി: സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മദ്റസകൾ അടച്ചുപൂട്ടാനൊരുങ്ങി അസം. പൊതുഖജനാവിലെ പണം മതപഠനത്തിന് അനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന ധനകാര്യ-ആസൂത്രണ വകുപ്പ് മന്ത്രി ഹിമന്ദ ബിസ്വ ശർമയാണ് പ്രഖ്യാപനം നടത്തിയത്. ഇതു സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം അടുത്ത മാസം പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ മദ്റസകളുടെ കാര്യത്തിൽ സർക്കാർ അഭിപ്രായം പറയുന്നില്ല, എന്നാൽ സർക്കാർ പണം ഇതിനായി വിനിയോഗിക്കാനാവില്ല. സംസ്കൃത ആശ്രമങ്ങളുടെ പ്രവർത്തനം സുതാര്യമാണെന്നും അവയുടെ ഭാവി സംബന്ധിച്ച കാര്യങ്ങളും അടുത്തമാസം പുറത്തിറങ്ങുന്ന വിജ്ഞാപനത്തിലുണ്ടാവുമെന്നും മന്ത്രി പറഞ്ഞു..
സംസ്ഥാനത്ത് 614 സർക്കാർ മദ്റസകളും 900 സ്വകാര്യ മദ്റസകളുമാണുള്ളത്. 100 സംസ്കൃത ആശ്രമങ്ങൾ സർക്കാർ നിയന്ത്രണത്തിലും 500 എണ്ണം സ്വകാര്യമേഖലയിലുമാണ്. മദ്റസകൾക്കായി മൂന്നുമുതൽ നാലുകോടി രൂപ വരെയും ആശ്രമങ്ങൾക്കായി ഒരുകോടി രൂപയുമാണ് പ്രതിവർഷം സർക്കാർ ചെലവിടുന്നത്.
ബോഡോലാൻഡ് പ്രവിശ്യ തെരഞ്ഞെടുപ്പും അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കെയാണ് വംശീയ-ഭാഷാ സംഘർഷങ്ങളുടെ മുൾമുനയിൽ നിൽക്കുന്ന സംസ്ഥാനത്ത് മദ്റസ പൂട്ടൽ നടപടിയുമായി സർക്കാർ മുന്നോട്ടുവരുന്നത്. സർക്കാർ നിയന്ത്രണത്തിലെ മദ്റസകളും ആശ്രമങ്ങളും അടപ്പിച്ച് അവയെ പൊതുവിദ്യാലയങ്ങളാക്കി മാറ്റിയെടുക്കാൻ ഈ വർഷത്തിെൻറ തുടക്കത്തിൽ നീക്കമുണ്ടായിരുന്നുവെങ്കിലും പിന്നീട് സംസ്കൃത വിദ്യാലയങ്ങളുടെ കാര്യത്തിൽ നിലപാട് മാറ്റുകയായിരുന്നു. രണ്ടുവർഷം മുമ്പ് സംസ്ഥാന മദ്റസ വിദ്യാഭ്യാസ ബോർഡും സംസ്കൃത ബോർഡും നിർത്തലാക്കി മദ്റസകൾ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനു കീഴിലും ആശ്രമങ്ങൾ കുമാർ ഭാസ്കർ വർമ സംസ്കൃത പൈതൃക സർവകലാശാലക്കു കീഴിലും കൊണ്ടുവന്ന് അവിടങ്ങളിൽ ആധുനിക പാഠ്യപദ്ധതി ആരംഭിക്കാനും തീരുമാനിച്ചിരുന്നു.
അതേസമയം, അടുത്തവർഷം നടക്കുന്ന തെരഞ്ഞെടുപ്പിനുശേഷം അധികാരത്തിൽ വന്നാലുടൻ അടച്ചുപൂട്ടുന്ന മദ്റസകൾ തുറക്കാൻ നടപടി സ്വീകരിക്കുമെന്ന് ഒാൾ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) മേധാവി ബദ്റുദ്ദീൻ അജ്മൽ എം.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.