ഗുവാഹത്തി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തിങ്കളാഴ്ച അസമിലെത്തും. രണ്ട് ദിവസത്തെ സന്ദർശന വേളയിൽ, ബ്രഹ്മപുത്ര നദിയുടെ വടക്കൻ തീരത്തെ ജില്ലകളിൽ അവർ പ്രചാരണത്തിന് നേതൃത്വം നൽകും. ഗുവാഹത്തിയിലെത്തുന്ന പ്രിയങ്ക ആദ്യം കാമാഖ്യ ക്ഷേത്രത്തിൽ പ്രാർഥന നിർവഹിക്കും. തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലഖിംപുരിലേക്ക് പറക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച മേഖലയാണ് അസമിലെ വടക്കൻ ഭാഗങ്ങൾ. 2019ൽ സി.എ.എക്കെതിരെ ഇവിടെ രണ്ടുമാസം നീണ്ടുനിന്ന പ്രക്ഷോഭങ്ങൾ അരേങ്ങറിയിരുന്നു. എന്നാൽ, ജനവികാരം സർക്കാറിനെതിരായതോടെ നിരവധി വികസന പദ്ധതികളാണ് ബി.ജെ.പി ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടർച്ചയായ മൂന്ന് സന്ദർശനങ്ങൾക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധി അസമിലെത്തുന്നത്. ലഖിംപുർ, ബിഹ്പുരിയ, ബിസ്വനഥ്, തേസ്പൂർ എന്നീ നാല് നിയമസഭ മണ്ഡലങ്ങളിൽ ഇവർ പ്രചാരണം നടത്തും. പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുകയും പ്രതിഷേധ റാലിക്ക് നേതൃത്വം നൽകുകയും ചെയ്യും. കൂടാതെ ബിശ്വനാഥിലെ സാധരി ടീ എസ്റ്റേറ്റിലെ വനിതാ തേയില തൊഴിലാളികളുമായി ആശയവിനിമയം നടത്തും.
രാഹുൽ ഗാന്ധിയും ഫെബ്രുവരിയിൽ അസമിലെത്തിയിരുന്നു. അദ്ദേഹം സി.എ.എ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി കാമ്പയിന് തുടക്കമിട്ടിരുന്നു. ഗാമോസ എന്ന അസാമീസ് പരമ്പരാഗത തുണിയിൽ ഒപ്പിട്ട് അയക്കാൻ രാഹുൽ ആളുകളോട് ആവശ്യപ്പെട്ടു. ഇതിന് വടക്കൻ അസമിലെ ആളുകളിൽനിന്നാണ് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്.
അതേസമയം, ഫെബ്രുവരിയിൽ മാത്രം മൂന്നുതവണയാണ് പ്രധാനമന്ത്രി നേരന്ദ്ര മോദി അസമിലെത്തിയത്. രണ്ട് മെഡിക്കൽ കോളജുകളുടെയും രണ്ട് എൻജിനീയറിങ് കോളജുകളുടെയും ശിലാസ്ഥാപനം അദ്ദേഹം നിർവഹിച്ചു. 1.6 ലക്ഷത്തിലധികം തദ്ദേശവാസികൾക്ക് ഭൂമി വിതരണം ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.